1

ഗൂഗിൾ മാപ്പ് ഇനി മലയാളവും സംസാരിക്കും

മലയാളികൾക്ക് സന്തോഷിക്കാൻ ഗൂഗിളിന്റെ വക ഒരു സന്തോഷ വാർത്ത. ഇംഗ്ലീഷിൽ മാത്രം ശബ്ദ നിർദ്ദേശങ്ങൾ നൽകിയിരുന്ന ഗൂഗിൾ മാപ്പ് ഇനി മുതൽ മലയാളത്തിലും നിർദ്ദേശങ്ങൾ തരും. ബംഗാളി, ഗുജറാത്തി, കന്നട, തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിൽ ശബ്ദ നിർദ്ദേശം നൽകുന്ന പുതിയ ഫീച്ചർ ഗൂഗിൾ മാപ്പിൽ ഉൾപ്പെടുത്തുകയാണെന്ന് ചൊവ്വാഴ്ചയാണ് ഗൂഗിൾ അറിയിച്ചത്. ആഴ്ചകൾക്ക് മുൻപാണ് ഗൂഗിൾ ഈ ഫീച്ചർ ഗൂഗിൽ പ്ലേ സ്റ്റോറിൽ അവതരിപ്പിച്ചത്. 200 മീറ്റർ കഴിയുമ്പോൾ വലത്തോട്ട് തിരിയുക, 50 മീറ്റർ കഴിയുമ്പോൾ യു ടേൺ എടുക്കുക,തുടങ്ങിയ നിർദ്ദേശങ്ങളും ജി.പി.എസ് കണക്ഷനില്ലാത്ത അവസരങ്ങളിൽ ജി.പി.എസ് കണക്ഷൻ നഷ്ടമായി എന്നും ഗൂഗിൾ മാപ്പ് നിർദ്ദേശം തരും. ഗൂഗിൾ മാപ്പിന്റെ ഡെസ്‌ക്ടോപ്പ്, മൊബൈൽ പതിപ്പുകളിൽ ഈ സൗകര്യം ലഭ്യമാകും. ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കിൽ ഗൂഗിൾ മാപ്പിലെ സെറ്റിംഗ്സിൽ ഭാഷ തിരഞ്ഞെടുത്താൽ മാത്രം മതി. അടുത്തിടെ മാപ്പിൽ ഇംഗ്ലീഷിനൊപ്പം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ സ്ഥലപ്പേരുകൾ നൽകിക്കൊണ്ട് ഗൂഗിൾ മാപ്പ് പരിഷ്‌കരിച്ചിരുന്നു.

1

ഞാനാണ് കുഞ്ഞൻ കമ്പ്യൂട്ടർ

ലോകത്തിലെ ഏറ്റവും ചെറിയ കമ്പ്യൂട്ടറിന് എത്ര വലിപ്പമുണ്ടെന്ന് അറിയാമോ? ഒരു ഉപ്പുകല്ലോളം വലിപ്പം മാത്രമേയുള്ളൂ. അതായത് ഒരു മില്ലി മീറ്റർ നീളവും ഒരു മില്ലി മീറ്റർ വീതിയും. ഈ കുഞ്ഞൻ കമ്പ്യൂട്ടർ നി‌ർമ്മിച്ചത് ഐ.ബി.എമ്മാണ്. മൈക്രോസ്‌കോപിന്റെ സഹായത്തോടെ മാത്രമേ ഈ കുഞ്ഞനെ കാണാൻ കഴിയുകയുള്ളൂ. കാഴ്ചയിൽ കുഞ്ഞാണെങ്കിലും നിരീക്ഷണത്തിലും വിശകലനത്തിലും ആശയവിനിമയത്തിലുമെല്ലാം സാധാരണ കമ്പ്യൂട്ടറിനോട് കിടപിടിക്കുന്നതാണ്. ഐ.ബി.എം. തിങ്ക് 2018 കോൺഫറൻസിലാണ് തങ്ങളുടെ പുതിയ കുഞ്ഞൻ കമ്പ്യൂട്ടറിനെ ഐ.ബി.എം. പരിചയപ്പെടുത്തിയിരിക്കുന്നത്. X86 ശേഷിയുള്ള ചിപ്പ് ഉൾക്കൊള്ളിച്ചാണ് കമ്പ്യൂട്ടർ പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാൻസിസ്റ്ററുകളാണ് ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. മെമ്മറിക്കായി ഉപയോഗിച്ചിരിക്കുന്നത് സ്റ്റാറ്റിക് റാമാണ്. സോളാർ (photo-voltaic) സെൽ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. എൽ.ഇ.ഡിയും ഫോട്ടോ ഡിറ്റക്ടറും ഉപയോഗിച്ച് അപ്‌ലിങ്ക് -ഡൗൺലിങ്ക് കമ്മ്യൂണിക്കേഷൻ നടത്താനും ഈ കൂഞ്ഞനെക്കൊണ്ട് സാധിക്കും. ഐ.ബി.എമ്മിന്റെ 5 ഇൻ 5 എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് കുഞ്ഞനെ വികസിപ്പിച്ചെടുത്തത്. ഭാവിയുടെ അഞ്ച് ടെക്‌നോളജികളിൽ ഐ.ബി.എം. നടത്തുന്ന പരീക്ഷണങ്ങളാണ് 5 ഇൻ 5 പ്രൊജക്ട്.അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ കുഞ്ഞൻകമ്പ്യൂട്ടറിലെ മാർക്കറ്റിൽ എത്തിക്കുമെന്നാണ് ഐ.ബി.എം.

1

ഇടിമിന്നൽ മുൻകൂട്ടി അറിയണോ?, ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ

ബംഗളൂരു: ഇടിമിന്നൽ മുൻകൂട്ടി അറിയാൻ ഇതാ പുതിയ ഒരു ആപ്പ്. എന്താ വിശ്വാസം വരുന്നില്ലേ. എന്നാൽ വിശ്വസിച്ചേ പറ്റൂ. കർണാടക ഡിസാസ്റ്റർ മോണിറ്ററിംഗ് കമ്മിറ്റിയാണ് ഇടിമിന്നലിനെ മുൻകൂട്ടി അറിയാൻ പുതിയ ആപ്പുമായി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് മിന്നലേറ്റുള്ള മരണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്താണ് ‘സിഡിലു’ എന്ന പേരിൽ ആപ്പ് പുറത്തിറക്കിയതെന്ന് ഡവലപ്പ്മെന്റ് കമ്മിഷണർ ഡി.വി പ്രസാദ് പറഞ്ഞു. സംസ്ഥാനത്ത് മിന്നൽ സാദ്ധ്യതയുള്ള 11 ഇടങ്ങളിൽ സ്ഥാപിച്ച ലൈറ്റനിംഗ് ഡിറ്റക്ടറുകളിൽ നിന്നാണ് വിവരം മുൻകൂട്ടി അറിയാൻ സാധിക്കുക.

ഇടിമിന്നൽ ഉണ്ടാവുന്നതിന്റെ 45 മിനിട്ടുകൾക്ക് മുമ്പായി മുന്നറിയിപ്പ് നൽകാൻ ആപ്പിന് കഴിയും. മിന്നലിന്റെ തീവ്രതയുടെ അടിസ്ഥാനത്തിൽ നാല് നിറത്തിലുള്ള സന്ദേശമാണ് ഫോണിൽ എത്തുക. ഒരു കിലോമീറ്റർ ചുറ്റളവിൽ വരുന്ന മിന്നലിന് ചുവപ്പ് നിറവും അഞ്ച് കിലോമീറ്റർ പരിധിയിൽ ഓറഞ്ച് നിറവും 15 കിലോമീറ്റർ പരിധിയിൽ മഞ്ഞ നിറവും അപകടമില്ലാത്ത സാഹചര്യത്തിൽ പച്ചനിറവുമാണ് തെളിയുക.

ഈ ആപ്പ് എറ്റവും കൂടുതൽ പ്രയോജനം ചെയ്യുക കർഷകർക്കായിരിക്കും. ഇടിമിന്നൽ വരുന്നുണ്ടെങ്കിൽ കൃഷി സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സാധിക്കും. 2009 മുതൽ കർണാടകയിൽ 647 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഗൂഗിൾ പ്ലേസ്റ്റോർ, ആപ്പിൾ സ്റ്റോർ എന്നിവയിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഏകദേശം 50 ലക്ഷം രൂപയാണ് 11 ഇടങ്ങളിൽ ലൈറ്റനിംഗ് ഡിറ്റക്ടറുകൾ സ്ഥാപിക്കാൻ ചെലവായത്.

hotbrains