1

ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങരുത്: യു. എസ്

വാഷിംഗ്ടൺ: ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ വർഷം നവംബർ നാലിനകം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക അന്ത്യശാസനം നൽകി. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കും ബഹുരാഷ്‌ട്ര കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഈ കമ്പനികളെ അമേരിക്കയിൽ ബിസിനസ് നടത്താൻ അനുവദിക്കില്ലെന്നും യു. എസ് വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എണ്ണ ഇടപാട് കുറച്ചുകൊണ്ടുവന്ന് നവംബർ നാലോടെ അത് പൂർണമായും നിറുത്തണമെന്നാണ് അമേരിക്കയുടെ നിർദ്ദേശം. ഇന്ത്യക്കും ചൈനയ്‌ക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്നും വാണിജ്യ ഉപരോധം അവർക്കും ബാധകമാണെന്നുമാണ് അമേരിക്കൻ നിലപാട്. ഇറാന്റെ ആണവപദ്ധതിക്കെതിരെ ലോകരാജ്യങ്ങൾക്കിടയിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഇറാനുമായുള്ള ആണവകരാർ കഴിഞ്ഞ മേയിൽ അമേരിക്ക റദ്ദാക്കിയിരുന്നു. ഇറാനിയൻ കമ്പനികളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാൻ വിദേശകമ്പനികൾക്ക് അമേരിക്ക സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനിൽ പെട്ട ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഊർജ്ജം, ബാങ്കിംഗ്, വ്യോമയാനം, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലുള്ള തങ്ങളുടെ കമ്പനികൾക്ക് ഇറാനുമായുള്ള വ്യാപാരബന്ധത്തിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും അമേരിക്ക അംഗീകരിച്ചിട്ടില്ല. ഇറാനെതിരെയുള്ള ഉപരോധം ലോകരാജ്യങ്ങളെല്ലാം അംഗീകരിച്ചപ്പോഴും ഇന്ത്യയും ചൈനയും റഷ്യയും ഇറാനുമായുള്ള വ്യാപാരബന്ധങ്ങൾ തുടരുകയായിരുന്നു. അതുകൊണ്ടാണ് ഇറാന്റെ സമ്പദ്‌വ്യവസ്ഥ പാപ്പരാകാതെ പിടിച്ചു നിന്നത്. ഇന്ത്യയും ചൈനയും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായതിനാൽ ഇത്തവണയും ഈ ഇളവുകൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇറാൻ എണ്ണയിൽ മൂന്നാമത് എണ്ണ ഉൽപ്പാദനത്തിൽ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇറാനുള്ളത്. ഇറാക്കും സൗദി അറേബ്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെ 10 മാസങ്ങളിൽ 18.4 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇറാൻ കയറ്റി അയച്ചത്. ഇന്ത്യയും ചൈനയുമാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉഭോക്താക്കൾ. എണ്ണ വിഷയമാകും അടുത്തയാഴ്ച നടക്കുന്ന ഇന്ത്യ - അമേരിക്ക ചർച്ചയിൽ ഇറാനുമായുള്ള എണ്ണവ്യാപാരം വിഷയമായേക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ എന്നിവർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായാണ് ചർച്ച നടത്തുക.  എണ്ണ പൊള്ളും അമേരിക്ക ഇറാനെതിരെയുള്ള നിലപാട് കടുപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കൂടി. ചൊവ്വാഴ്ച ക്രൂഡ് വില മൂന്നു ശതമാനം വർദ്ധിച്ചു.  ഇന്ത്യൻ ഇക്കണോമിയെ ബാധിക്കും ''ഇറാനുമായുള്ള എണ്ണവ്യാപാരം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദേശം ഇന്ത്യ അംഗീകരിക്കാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്. അഥവാ, അംഗീകരിക്കുകയാണെങ്കിൽ, അത് ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ വളരെ മോശമായി ബാധിക്കും. ക്രൂഡ് ഓയിലിന്റെ റെക്കാഡ് വിലവർധനവായ 80 ഡോളറെന്ന കണക്കിനെ അത് മറികടക്കും. മാത്രമല്ല, രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും.'' രാംകി, സി.ഇ.ഒ, ഷെയർ വെൽത്ത്

1

ഗിരീഷ് ചതുർവേദി ഐ.സി.ഐ.സി.ഐ ബാങ്ക് ഇടക്കാല ചെയർമാൻ

ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ഇടക്കാല - നോൺ എക്‌സിക്യൂട്ടീവ് - ചെയർമാനായി ഗിരീഷ് ചന്ദ്ര ചതുർവേദിയെ നിയമിച്ചു. മൂന്നു വർഷത്തേക്ക് ഡയറക്‌ടർ ബോർഡിൽ സ്വതന്ത്ര അംഗമായും അദ്ദേഹം തുടരും. 1977 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ചതുർവേദി 2013ൽ പെട്രോളിയം മന്ത്രാലയ സെക്രട്ടറിയായി വിരമിച്ചയാളാണ്. എൽ.ഐ.സി., കനറാ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, ഐ.ഡി.ബി.ഐ ബാങ്ക് തുടങ്ങിയവയുടെ ഡയറക്‌ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ചെയർമാൻ എം.കെ. ശർമ്മയുടെ കാലാവധി ഇന്ന് അവസാനിക്കും. വീഡിയോകോണിന് അനധികൃതമായി വായ്‌പ നൽകിയ വിവാദത്തിന്റെ പശ്‌ചാത്തലത്തിൽ സി.ഇ.ഒ ഛന്ദാ കൊച്ചാർ അനിശ്‌ചിതകാല അവധിയിൽ പ്രവേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി സന്ദീപ് ബക്‌ഷിയെയും ബാങ്ക് നിയമിച്ചിട്ടുണ്ട്.

1

നഗരം കീഴടക്കാൻ കെ.എസ്.ആർ.ടി.സി സ്മാർട്ട് മിനി ബസുമായി എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി മിനി സ്മാർട്ട് ബസുകൾ നിരത്തിലിറക്കുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം,​ കൊച്ചി,​ കോഴിക്കോട് നഗരങ്ങളിൽ മിനി ബസുകൾ ഓടും.
ഫോർഡ് കമ്പനിയുമായുള്ള ധാരണ പ്രകാരം മൂന്ന് സ്മാർട്ട് ബസുകൾ കെ.എസ്.ആർ.ടി.സിക്കായി എത്തിക്കും. പദ്ധതി വിജയിച്ചാൽ വാടക കരാർ അടിസ്ഥാനത്തിൽ കൂടുതൽ സ്മാർട്ട് ബസുകൾ നിരത്തിലിറക്കാനാണ് പദ്ധതി.

വിമാനത്താവളങ്ങളിൽ നിശ്ചിതസ്ഥലത്ത് ബസുകൾക്ക് പാർക്ക് ചെയ്യുന്നതിന് എയർപോർട്ട് അതോറിട്ടി അധികൃതരുമായി ഉടൻ കെ.എസ്.ആർ.‌‌ടി.സി ചർച്ച നടത്തും.

അത്യാധുനിക സൗകര്യങ്ങൾ
സി.സി ടിവി കാമറ, ജി.പി.എസ്,
എൽ.ഇ.ഡി, എ.സി, 21 പുഷ്‌ബാക്ക് സീറ്റുകൾ,
ലഗേജ് വയ്ക്കാൻ പ്രത്യേക സംവിധാനം എന്നിവ ബസിലുണ്ടാകും

'' സമയനിഷ്ഠ പാലിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനമായിരിക്കും സ്മാർട്ട് ബസിലൂടെ കെ.എസ്.ആർ.ടി.സി നൽകുക. പരീക്ഷണം ജയിക്കുമെന്നാണ് പ്രതീക്ഷ''
- ടോമിൻ ജെ. തച്ചങ്കരി

1

നിരക്ക് വർദ്ധന ആവശ്യപ്പെട്ട് അടുത്ത മാസം ഓട്ടോ, ടാക്‌സി അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ ജൂലായ് മൂന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. യാത്രാനിരക്കുകൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌ക്കരിക്കണമെന്നാണ് ആവശ്യം. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.ഐ, യു.ടി.യു.സി, ജെ.ടി.യു തുടങ്ങിയ തൊഴിലാളി സംഘടനകളിൽ പെട്ട എട്ട് ലക്ഷത്തോളം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. സംസ്ഥാനത്തെ ഓട്ടോ, ടെംപോ, ട്രാവലറുകൾ, ഗുഡ്സ് ഓട്ടോ, ജീപ്പുകൾ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമരസമിതി ചെയർമാൻ ഇ.നാരായണൻ നായർ, കൺവീനർ കെ.വി. ഹരിദാസ് എന്നിവർ അറിയിച്ചു. സമരക്കാർ ഉന്നയിച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങൾ ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്‌സ് തീരുമാനം പിൻവലിക്കുക  വർദ്ധിപ്പിച്ച ആർ.ടിഎ. ഓഫിസ് ഫീസുകൾ ഒഴിവാക്കുക ഓട്ടോറിക്ഷ ഫെയർമീറ്ററുകൾ സീൽ ചെയ്യുന്ന ലീഗൽ മെട്രോളജി വകുപ്പ് സീലിഗ് ഒരു ദിവസം വൈകിയാൽ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുകയും അവകാശാനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക.

1

തിലകനെതിരായ ‘അമ്മ’യുടെ അച്ചടക്ക നടപടി, മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍

കൊല്ലം: തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് കത്ത് നല്‍കി. അമ്മ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിലെ മരിച്ചവരുടെ പട്ടികയില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ഷമ്മി തിലകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയിലെ പുഴുക്കുത്തുകള്‍ക്കെതിരെയായിരുന്നു തിലകൻ ശബ്ദമുയര്‍ത്തിയതെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി തിലകൻ കത്ത് നല്‍‍കിയത്. സൂപ്പര്‍താര പദവികള്‍ക്കെതിരെ തുറന്നടിച്ചടിച്ചതിനാണ് തിലകനെ 2010ല്‍ അമ്മയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചെടുക്കാൻ അതേ സംഘടന തന്നെ തീരുമാനിക്കുന്ന സാഹചര്യമാണുള്ളത്. തിരിച്ചെടുക്കണമെന്ന് അച്ഛന്‍ മരിക്കുന്നതിന് മുമ്പ് തന്നെ താന്‍ സംഘടനയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തല്ല തെറ്റ് എന്ന് മനസിലാക്കി സംഘടന അദ്ദേഹത്തോട് മാപ്പ് അപേക്ഷിച്ച് തിരികെയെടുക്കണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ വീണ്ടും താന്‍ അമ്മ ഭാരവാഹികളെ സമീപിച്ചിട്ടുണ്ട്. മരിച്ചവരുടെ പട്ടികയില്‍ നിന്ന് പോലും ഒഴിവാക്കാൻ തിലകൻ ചെയ്ത കുറ്റമെന്തെന്നും ഷമ്മി ചോദിക്കുന്നു അച്ഛന്‍ മരിച്ചത് ഒരു സത്യമാണ്. അമ്മയുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ട് ആ സത്യം ഇല്ലാതാകുന്നില്ല. എന്നിരിക്കെ പേര് പോലും ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുന്നു. ഇക്കാരണം കൊണ്ട് അമ്മയുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ താന്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാജി വച്ച നടിമാര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം കാലം തിലകന് എതിര് പ്രവര്‍ത്തിക്കില്ലെന്ന് വിശ്വാസിക്കുന്നുവെന്നും പറഞ്ഞു.

hotbrains