1

മീനിലെ വിഷം പിടിക്കാം, സ്ട്രിപ്പ് കിറ്റ് : വില 24രൂപ

തിരുവനന്തപുരം: മീനിൽ ഫോർമാലിനോ അമോണിയയോ ഉണ്ടോ എന്ന് പരിശോധിനുള്ള പേപ്പർ സ്ട്രിപ്പുകൾ വിപണിയിൽ എത്തും. കിറ്റിന് വില 24രൂപയായിരിക്കും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ (സി.ഐ.എഫ്.ടി ) ശാസ്ത്രജ്ഞരായ എസ്.ജെ.ലാലി, ഇ.ആർ. പ്രിയ എന്നിവരാണ് സ്ട്രിപ്പ് വികസിപ്പിച്ചത്. ഇതുപയോഗിച്ചാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴി‌ഞ്ഞ ദിവസങ്ങളിൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച മത്സ്യത്തിൽ ഫോർമാലിൻ കണ്ടെത്തിയത്. 500 പരിശോധനാ കിറ്റുകളാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഇതിനായി നൽകിയത്. സ്ട്രിപ്പ് വിപണയിൽ എത്തിച്ചാൽ ജനത്തിന് ഉപകരിക്കുമെന്ന നിഗമനത്തിലാണ് അധികൃതർ. മെഡിക്കൽ സ്റ്റോറുകൾ വഴിയാകും സ്ട്രിപ്പുകൾ ലഭ്യമാക്കുക. ചെക്ക് ൻ ഈറ്റ് എന്ന് പേരിട്ടിരിക്കുന്ന കിറ്റിന്റെ കാലാവധി ഒരു മാസമാണ്. ഒരു കിറ്റിൽ 12 പേപ്പർ സ്ട്രിപ്പും രാസലായനിയും നിറം മാറുന്നത് ഒത്തു നോക്കാനുള്ള കളർ ചാർട്ടും ഉണ്ടാകും. നീല കടുത്താൽ കഴിക്കരുത് പേപ്പർ സ്ട്രിപ്പ് മത്സ്യത്തിന്റെ പുറത്ത് ഉരസുക. ഈർപ്പം പടർന്ന സ്ട്രിപ്പിന്റെ പുറത്ത് ഒരു തുള്ളി ലായനി ഒഴിക്കുക. നിറം കടുനീല ആയാൽ അപകടകരമായ രാസവസ്തു ഉണ്ടെന്ന് ഉറപ്പിക്കാം. നീലയുടെ കടുപ്പം കുറഞ്ഞാൽ ഫോർമാലിൻ കുറവായിരിക്കും.  ഇളംനീലയാണെങ്കിൽ രാസവസ്തു അപകടരമായ അളവിലല്ല. ഇളം പിങ്ക് നിറമാണെങ്കിൽ മീൻ സുരക്ഷിതമാണ്. 20സെക്കൻഡിൽ ഫലം അറിയാം. '' ആറു മാസത്തെ ഗവേഷണത്തിലാണ് സ്ട്രിപ്പ് കിറ്ര് വികസിപ്പിച്ചത്. വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാൻ ഏതെങ്കിലും കമ്പനിക്ക് സാങ്കേതിക വിദ്യ കൈമാറാം'' സി.എൻ.രവിശങ്കർ, ഡയറക്ടർ സി.ഐ.എഫ്.ടി

1

നഗരം കീഴടക്കാൻ കെ.എസ്.ആർ.ടി.സി സ്മാർട്ട് മിനി ബസുമായി എത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി മിനി സ്മാർട്ട് ബസുകൾ നിരത്തിലിറക്കുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം,​ കൊച്ചി,​ കോഴിക്കോട് നഗരങ്ങളിൽ മിനി ബസുകൾ ഓടും.
ഫോർഡ് കമ്പനിയുമായുള്ള ധാരണ പ്രകാരം മൂന്ന് സ്മാർട്ട് ബസുകൾ കെ.എസ്.ആർ.ടി.സിക്കായി എത്തിക്കും. പദ്ധതി വിജയിച്ചാൽ വാടക കരാർ അടിസ്ഥാനത്തിൽ കൂടുതൽ സ്മാർട്ട് ബസുകൾ നിരത്തിലിറക്കാനാണ് പദ്ധതി.

വിമാനത്താവളങ്ങളിൽ നിശ്ചിതസ്ഥലത്ത് ബസുകൾക്ക് പാർക്ക് ചെയ്യുന്നതിന് എയർപോർട്ട് അതോറിട്ടി അധികൃതരുമായി ഉടൻ കെ.എസ്.ആർ.‌‌ടി.സി ചർച്ച നടത്തും.

അത്യാധുനിക സൗകര്യങ്ങൾ
സി.സി ടിവി കാമറ, ജി.പി.എസ്,
എൽ.ഇ.ഡി, എ.സി, 21 പുഷ്‌ബാക്ക് സീറ്റുകൾ,
ലഗേജ് വയ്ക്കാൻ പ്രത്യേക സംവിധാനം എന്നിവ ബസിലുണ്ടാകും

'' സമയനിഷ്ഠ പാലിച്ചുകൊണ്ട് ഏറ്റവും മികച്ച സേവനമായിരിക്കും സ്മാർട്ട് ബസിലൂടെ കെ.എസ്.ആർ.ടി.സി നൽകുക. പരീക്ഷണം ജയിക്കുമെന്നാണ് പ്രതീക്ഷ''
- ടോമിൻ ജെ. തച്ചങ്കരി

1

കണ്ടാൽ പച്ച മീൻ; കഴിച്ചാൽ പണി കിട്ടും

തിരുവനന്തപുരം / പാലക്കാട് : കേരളത്തിലെ ട്രോളിംഗ് നിരോധനം മുതലെടുത്ത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന മത്സ്യത്തിൽ മാരകമായ അളവിൽ ഫോർമലിൻ കണ്ടെത്തിയത് ആശങ്ക പരത്തുന്നു. ഫോർമാലിൻ കലർത്തിയ 20,000 കിലോയോളം മത്സ്യമാണ് രണ്ടാഴ്‌ചയ്‌ക്കകം വാളയാർ, അമരവിള ചെക്പോസ്റ്റുകളിൽ പിടികൂടിയത്. മംഗലാപുരം, ചെന്നൈ, തൂത്തുക്കുടി, ആന്ധ്ര, ഗോവ എന്നിവിടങ്ങളിൽ നിന്നാണ് മത്സ്യം കേരളത്തിലേക്ക് വരുന്നത്. 1000 മുതൽ 6000 കിലോ വരെ കയറ്റാവുന്ന നൂറോളം കണ്ടെയ്‌നറുകൾ ദിവസവും വാളയാർ കടന്നെത്തുന്നുണ്ട്. സാങ്കേതിക അപര്യാപ്തതയും ജീവനക്കാരുടെ കുറവും കാരണം കാര്യമായ പരിശോധന നടക്കാറില്ല. അപകടമാണീ ഫോർമാലിൻ ഫോർമിക് ആസിഡ് ഉപയോഗിച്ച് തയാറാക്കുന്ന രാസലായനിയാണ് ഫോർമാലിൻ. മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഫോർമാലിൻ ചേർക്കുന്ന മത്സ്യം 18 ദിവസത്തോളം കേടാവില്ല. അർബുദത്തെ കുറിച്ച് പഠിക്കുന്ന അന്താരാഷ്ട്ര ഏജൻസി (ഐ.എ.ആർ.സി ) കാൻസറിന് കാരണമാവുന്ന വസ്തുക്കളുടെ കൂട്ടത്തിലാണ് ഫോർമാലിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. മീനിനൊപ്പം ഫോർമാലിൻ തുടർച്ചയായി ശരീരത്തിൽ എത്തിയാൽ നാഡീവ്യൂഹത്തിന്റെയും വൃക്കകളുടെയും പ്രവർത്തനത്തെ ബാധിക്കും. വായ, തൊണ്ട, അന്നനാളം, ആമാശയം എന്നിവിടങ്ങളിൽ വ്രണമുണ്ടാക്കും. കാൻസർ പോലെയുള്ള മാരകമായ അസുഖങ്ങൾ ഉണ്ടാകാനും സാദ്ധ്യതയുണ്ട് പരിശോധനയ്ക്ക് പുതിയ വിദ്യ കൊച്ചി സെൻട്രൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി വികസിപ്പിച്ചെടത്ത പേപ്പർ സ്ട്രിപ്പ്, രാസലായനി, കളർ ചാർട്ട് എന്നിവയടങ്ങിയ കിറ്റ് ഉപയോഗിച്ചാണ് രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നത്. പേപ്പർ സ്ട്രിപ്പ് മത്സ്യത്തിൽ ഉരസി അതിൽ രാസലായനി ഒഴിച്ചാൽ രണ്ട് മിനുട്ടിനുള്ളിൽ നിറം മാറും. നീല നിറമായാൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം ഉറപ്പിക്കാം. മീൻവരവ് ഇങ്ങനെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വർഷം എത്തുന്നത് രണ്ടുലക്ഷം ടൺ കേരളത്തിൽ വർഷം ഏഴര ലക്ഷം ടൺ മീൻ ചെലവാകും. ഇവിടെ ഏഴരലക്ഷം ടൺ മൽസ്യം ഉൽപാദിപ്പിക്കുന്നു. രണ്ടു ലക്ഷം ടൺ കയറ്റി അയയ്‌ക്കുന്നു. ''ഏതെങ്കിലും ഉൽപന്നത്തിൽ മായം കണ്ടെത്തിയാൽ 24 മണിക്കൂറിനുള്ളിൽ അതു നിരോധിക്കും. മത്സ്യത്തിൽ രാസവസ്തുക്കൾ കണ്ടെത്താൻ മാർക്കറ്റുകളിലേക്കും പരിശോധന വ്യാപിപ്പിക്കും'' - രാജമാണിക്യം, ഭക്ഷ്യസുരക്ഷാ കമ്മിഷണർ

1

നിരക്ക് വർദ്ധന ആവശ്യപ്പെട്ട് അടുത്ത മാസം ഓട്ടോ, ടാക്‌സി അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോർ വാഹനങ്ങൾ ജൂലായ് മൂന്ന് അർദ്ധരാത്രി മുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. യാത്രാനിരക്കുകൾ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌ക്കരിക്കണമെന്നാണ് ആവശ്യം. സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്, ടി.യു.സി.ഐ, യു.ടി.യു.സി, ജെ.ടി.യു തുടങ്ങിയ തൊഴിലാളി സംഘടനകളിൽ പെട്ട എട്ട് ലക്ഷത്തോളം തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. സംസ്ഥാനത്തെ ഓട്ടോ, ടെംപോ, ട്രാവലറുകൾ, ഗുഡ്സ് ഓട്ടോ, ജീപ്പുകൾ തുടങ്ങിയ ചെറുവാഹനങ്ങളെല്ലാം പണിമുടക്കിൽ പങ്കെടുക്കുമെന്ന് സമരസമിതി ചെയർമാൻ ഇ.നാരായണൻ നായർ, കൺവീനർ കെ.വി. ഹരിദാസ് എന്നിവർ അറിയിച്ചു. സമരക്കാർ ഉന്നയിച്ചിരിക്കുന്ന മറ്റ് ആവശ്യങ്ങൾ ടാക്സി കാറുകൾക്ക് 15 വർഷത്തേക്ക് മുൻകൂർ ടാക്‌സ് തീരുമാനം പിൻവലിക്കുക  വർദ്ധിപ്പിച്ച ആർ.ടിഎ. ഓഫിസ് ഫീസുകൾ ഒഴിവാക്കുക ഓട്ടോറിക്ഷ ഫെയർമീറ്ററുകൾ സീൽ ചെയ്യുന്ന ലീഗൽ മെട്രോളജി വകുപ്പ് സീലിഗ് ഒരു ദിവസം വൈകിയാൽ ഈടാക്കുന്ന 2000 രൂപ പിഴ നടപടി ഒഴിവാക്കുക മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധിയിൽ മുഴുവൻ മോട്ടോർ വാഹന തൊഴിലാളികളെയും ഉൾപ്പെടുത്തുകയും അവകാശാനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുക.

1

രാജ്യത്ത് ഒന്നാം റാങ്കിൽ തിരുവനന്തപുരം പാസ്പോർട്ട് ഓഫീസ്

തിരുവനന്തപുരം: അപേക്ഷ നൽകി 24 മണിക്കൂറിനകം പാസ്‌പോർട്ട് കൈയിലെത്തിച്ച്, രാജ്യത്തെ 37 റീജിയണൽ പാസ്പോർട്ട് ഓഫീസുകളെ പിന്തള്ളി തിരുവനന്തപുരം കേന്ദ്രറാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് ആവശ്യമില്ലാത്തതും പുതുക്കാനുള്ളതും കുട്ടികളുടെയും പാസ്പോർട്ടാണ് 24 മണിക്കൂറിനകം വിതരണം ചെയ്യുന്നത്. പുതിയ പാസ്പോർട്ടുകൾക്ക് മാത്രമാണ് പൊലീസ് പരിശോധനാ റിപ്പോർട്ട് നിർബന്ധമുള്ളത്. നഗരപരിധിക്കുള്ളിൽ ആറാംദിനവും നഗരത്തിനു പുറത്ത് ഒമ്പതാം ദിനവും പാസ്പോർട്ട് വീട്ടിലെത്തിച്ച് കാര്യക്ഷമത തെളിയിച്ചാണ് തിരുവനന്തപുരം ഒന്നാം റാങ്കടിച്ചത്. അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ പാസ്പോർട്ട് വിതരണം ചെയ്യാനാവും, ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്രദിവസമെടുക്കും, ജീവനക്കാരുടെ പ്രവർത്തനക്ഷമത, പരാതികളിൽ എത്രദിവസത്തിനകം പരിഹാരമുണ്ടാക്കും, പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് ലഭിച്ചാൽ എത്രവേഗത്തിൽ പാസ്പോർട്ട് നൽകും, പുതിയ അപേക്ഷകർക്ക് കൂടിക്കാഴ്ച എത്രവേഗം പൂർത്തിയാക്കും, പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിങ്ങനെ 15 ഘടകങ്ങളാണ് കേന്ദ്രസർക്കാർ പരിശോധിച്ചത്. എല്ലാ ഘടകങ്ങളിലും തിരുവനന്തപുരം ഒന്നാമതെത്തി. പാസ്പോർട്ട് വിതരണത്തിന് അതിവേഗ നടപടികൾക്ക് പുറമേ പുതിയ അപേക്ഷകർക്ക് തൊട്ടടുത്ത ദിവസം തന്നെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നുണ്ട്. പാസ്പോർട്ട് സേവാകേന്ദ്രത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 30-40 മിനിട്ട് മതി. ശരാശരി 9 ദിവസത്തിനകം എല്ലാ അപേക്ഷകർക്കും പാസ്പോർട്ട് വിതരണം ചെയ്യുന്നു. പാസ്പോർട്ട് ഓഫീസ് ജീവനക്കാരുടെയും പൊലീസ്, തപാൽ വകുപ്പുകളുടെയും മികച്ച പിന്തുണ കൊണ്ടാണ് ഒന്നാംസ്ഥാനം നേടാനായതെന്ന് പാസ്പോർട്ട് ഓഫീസർ ആഷിഖ് കാരാട്ടിൽ 'സിറ്റികൗമുദി'യോട് പറഞ്ഞു. പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്ന പൊലീസുദ്യോഗസ്ഥർക്ക് മൊബൈൽ നൽകി, പരിശോധനാ സമയത്തു തന്നെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം തിരുവനന്തപുരത്ത് തുടങ്ങിയിരുന്നു. ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് വെരിഫിക്കേഷൻ വേഗത്തിലാവും. വിദൂരസ്ഥലങ്ങളിൽ പോലും വേഗത്തിൽ പാസ്പോർട്ട് വിതരണം ചെയ്യാൻ തപാൽവകുപ്പും സഹകരിക്കുന്നു. ഭൂരിഭാഗം അപേക്ഷകളും അക്ഷയകേന്ദ്രങ്ങളിലൂടെയാണ് രജിസ്റ്റർ ചെയ്യുന്നതെന്നതിനാൽ തെറ്റുകൾ കുറവാണ്. രേഖകൾ കൃത്യമല്ലെങ്കിലും അപേക്ഷയിൽ തെറ്റുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും. അക്ഷയകേന്ദ്രങ്ങളുടെ ഇടപെടൽ കാരണം ഈ കാലതാമസം ഒഴിവാക്കാനായി. പാസ്പോർട്ട് ഓഫീസ് ജീവനക്കാരുടെ കഠിനാദ്ധ്വാനവും ഒന്നാം റാങ്കിന് പിന്നിലുണ്ടെന്നും ആഷിഖ് കാരാട്ടിൽ പറഞ്ഞു. കഴിഞ്ഞവർഷം വരെ മൂന്ന് വിഭാഗങ്ങളായാണ് പാസ്പോർട്ട് ഓഫീസുകൾക്ക് റാങ്കിംഗ് നൽകിയിരുന്നത്. നാലുലക്ഷത്തിലധികം പാസ്പോർട്ട് വിതരണം ചെയ്യുന്ന എ കാറ്റഗറിയിൽ കഴിഞ്ഞവർഷം കൊച്ചി പാസ്പോർട്ട് ഓഫീസിനായിരുന്നു ഒന്നാംസ്ഥാനം. രണ്ടുമുതൽ നാലുലക്ഷം വരെ പാസ്പോർട്ട് നൽകുന്ന ബി-കാറ്റഗറിയിൽ തിരുവനന്തപുരം ഒന്നാമതെത്തി. മലപ്പുറം, കോഴിക്കോട്, മധുര എന്നീ ഓഫീസുകളായിരുന്നു പിന്നിൽ. രണ്ടുലക്ഷത്തിനു താഴെയുള്ള സി-കാറ്റഗറിയുമുണ്ട്. ഇക്കൊല്ലം എല്ലാ വിഭാഗങ്ങളും യോജിപ്പിച്ച്, മാനദണ്ഡങ്ങൾ മാറ്റിയാണ് ഒറ്റ വിഭാഗമായി റാങ്കിംഗ് ഏർപ്പെടുത്തിയത്. ഇത്തരത്തിലുള്ള പ്രഥമ അവാർഡാണ് തിരുവനന്തപുരം നേടിയത്. വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം, പത്തനംതിട്ട പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തിരുവനന്തപുരം ഓഫീസിനു കീഴിലാണ്. ഇപ്പോൾ ക്യാമ്പ് രീതിയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട പോസ്റ്റ്ഓഫീസ് സേവാകേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണതോതിലുള്ള സേവാകേന്ദ്രമായി മാറും. അപേക്ഷ സ്വീകരിക്കലും ഫോട്ടോയെടുപ്പും ഫയൽപരിശോധനയുമെല്ലാം അവിടെത്തന്നെ നടത്താനാവും-ആഷിഖ് കാരാട്ടിൽ പറഞ്ഞു. 100ൽ 25 പേർക്ക് പാസ്പോർട്ട് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തിനു മാത്രമേ പാസ്പോർട്ടുള്ളൂ. പക്ഷേ കേരളത്തിൽ 25 ശതമാനം ജനങ്ങൾക്കും പാസ്പോർട്ടുണ്ട്. ഏറ്റവും കൂടുതൽ സാധുതയുള്ള പാസ്പോർട്ട് കൈവശമുള്ളവരും കേരളത്തിലാണ്. തിരുവനന്തപുരത്ത് പാസ്പോർട്ട് അപേക്ഷകളിൽ 5 ശതമാനത്തിന്റെ വർദ്ധനയുണ്ട്. 2.35 ലക്ഷം പാസ്പോർട്ടുകളാണ് കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നൽകിയത്. ''പൊലീസ് വെരിഫിക്കേഷൻ ഡിജിറ്റലാവുന്നതോടെ അതിവേഗം പാസ്‌പോർട്ട് നൽകാനാവും. രാജ്യത്തെവിടെയും അപേക്ഷിക്കാമെന്ന പുതിയ നിയമം വന്നതോടെ അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം ഇവിടെ നിന്ന് പാസ്പോർട്ട് നൽകാനാവും.'' ആഷിഖ് കാരാട്ടിൽ പാസ്പോർട്ട് ഓഫീസർ

hotbrains