1

തിലകനെതിരായ ‘അമ്മ’യുടെ അച്ചടക്ക നടപടി, മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ഷമ്മി തിലകന്‍

കൊല്ലം: തിലകനെതിരെയെടുത്ത അച്ചടക്ക നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് മകൻ ഷമ്മി തിലകൻ അമ്മയ്ക്ക് കത്ത് നല്‍കി. അമ്മ പുറത്തിറക്കുന്ന പ്രസിദ്ധീകരണത്തിലെ മരിച്ചവരുടെ പട്ടികയില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റിയത് വേദനാജനകമാണെന്നും ഷമ്മി തിലകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അമ്മയിലെ പുഴുക്കുത്തുകള്‍ക്കെതിരെയായിരുന്നു തിലകൻ ശബ്ദമുയര്‍ത്തിയതെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി തിലകൻ കത്ത് നല്‍‍കിയത്. സൂപ്പര്‍താര പദവികള്‍ക്കെതിരെ തുറന്നടിച്ചടിച്ചതിനാണ് തിലകനെ 2010ല്‍ അമ്മയില്‍ നിന്ന് സസ്പെന്‍റ് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തിരിച്ചെടുക്കാൻ അതേ സംഘടന തന്നെ തീരുമാനിക്കുന്ന സാഹചര്യമാണുള്ളത്. തിരിച്ചെടുക്കണമെന്ന് അച്ഛന്‍ മരിക്കുന്നതിന് മുമ്പ് തന്നെ താന്‍ സംഘടനയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തല്ല തെറ്റ് എന്ന് മനസിലാക്കി സംഘടന അദ്ദേഹത്തോട് മാപ്പ് അപേക്ഷിച്ച് തിരികെയെടുക്കണമെന്നായിരുന്നു അന്ന് ആവശ്യപ്പെട്ടത്. ഇപ്പോള്‍ വീണ്ടും താന്‍ അമ്മ ഭാരവാഹികളെ സമീപിച്ചിട്ടുണ്ട്. മരിച്ചവരുടെ പട്ടികയില്‍ നിന്ന് പോലും ഒഴിവാക്കാൻ തിലകൻ ചെയ്ത കുറ്റമെന്തെന്നും ഷമ്മി ചോദിക്കുന്നു അച്ഛന്‍ മരിച്ചത് ഒരു സത്യമാണ്. അമ്മയുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ട് ആ സത്യം ഇല്ലാതാകുന്നില്ല. എന്നിരിക്കെ പേര് പോലും ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുന്നു. ഇക്കാരണം കൊണ്ട് അമ്മയുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ താന്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാജി വച്ച നടിമാര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം കാലം തിലകന് എതിര് പ്രവര്‍ത്തിക്കില്ലെന്ന് വിശ്വാസിക്കുന്നുവെന്നും പറഞ്ഞു.

hotbrains