സ്മാര്‍ട്ട്‌ സിറ്റി : ആദ്യ മന്ദിരം 2015 മാര്‍ച്ചില്‍ പൂര്‍ത്തിയാകും

Story Dated :December 20, 2014

SC_logo_pos

കേരളം കാത്തിരുന്ന സ്‌മാ‌ർട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ (ആദ്യ മന്ദിരത്തിന്റെ നിർമ്മാണം) 2015 മാർച്ചിൽ പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറ‌ഞ്ഞു. സംസ്ഥാന സർക്കാരും ദുബായ് ഹോൾഡിംഗ്സും ചേർന്നാണ് പദ്ധതി ഒരുക്കുന്നത്. നെടുമ്പാശേരിയിൽ സ്‌മാർട് സിറ്റി ഡയറക്‌ടർ ബോർഡ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പതിനൊന്ന് ഏക്കറിലായി 6.5 ലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിലാണ് ആദ്യ മന്ദിരം ഉയരുന്നത്. 150ലേറെ കോടി രൂപയാണ് ആദ്യ മന്ദിര നിർമ്മാണത്തിന് ചെലവിടുന്നത്. ആദ്യ ഘട്ടത്തിൽ ആറായിരം പേർക്ക് നേരിട്ടും പതിനായിരത്തിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ആദ്യ ഘട്ടത്തിൽ ഓഫീസ് തുറക്കാൻ ഇതിനകം മൂന്ന് കമ്പനികളും തയ്യാറായി എത്തിയിട്ടുണ്ട്. കൂടുതൽ കമ്പനികളുമായി ചർച്ചകൾ നടക്കുന്നു. രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളും അടുത്തവർഷം തന്നെ തുടങ്ങും. 6.3 ലക്ഷം ചതുരശ്രയടി വിസ്‌തീർണമുള്ള കെട്ടിടം രണ്ടാംഘട്ടത്തിൽ ഉയരും. സ്‌മാർട് സിറ്റി റോഡിലെ വൈദ്യുതീകരണം, കെട്ടിടത്തിന് മുന്നിലെ കനാൽ സൗന്ദര്യവത്‌കരണം എന്നിവയും സമയബന്ധിതമായി പൂർത്തിയാക്കും.

 90,000 പേർക്ക് തൊഴിൽ മൊത്തം 5,000 കോടി രൂപയാണ് സ്‌മാർട് സിറ്റി പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ 246 ഏക്കറിലായി ഐ.ടിക്ക് പുറമേ, വിദ്യാഭ്യാസം, മീഡിയ, ധനകാര്യം, റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ്, മാനുഫാക്‌ചറിംഗ്,ശാസ്‌ത്രം തുടങ്ങി വിവിധ രംഗങ്ങളിലെ 5,000ലേറെ കമ്പനികൾക്ക് സ്‌മാർട് സിറ്റി കേന്ദ്രമാകും. പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ 90,000 പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂൾ, കോളേജ്, ഹോട്ടലുകൾ, പാർക്കുകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, അപാർട്മെന്റുകൾ, ആശുപത്രി എന്നിവയും സ്‌മാർട് സിറ്റിയിലുണ്ടാകും.

2004ലാണ് സ്‌മാർട് സിറ്റി എന്ന വൻ പദ്ധതി സംസ്ഥാന സർക്കാരിന്റെ മനസിലുദിക്കുന്നത്. ഉമ്മൻചാണ്ടി നയിച്ച യു.ഡി.എഫായിരുന്നു അന്നും കേരളം ഭരിച്ചത്. പിന്നീട് രാഷ്‌ട്രീയ കോലാഹലങ്ങളിലും വിവാദങ്ങളിലും അകപ്പെട്ട് സ്‌മാർട് സിറ്റി കടലാസിലൊതുങ്ങി. 2011ൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലേറിയതോടെയാണ് പദ്ധതിക്ക് വീണ്ടും ചിറക് മുളച്ചത്. പ്രത്യേക സാമ്പത്തിക മേഖലാടിസ്ഥാനത്തിൽ (സെസ്) ആണ് 246 ഏക്കറിലും നിർമ്മാണ പ്രവർത്തനങ്ങൾ. ഇന്നലെ നടന്ന യോഗത്തിൽ മന്ത്രിമാരായ കെ. ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി, പ്രമുഖ വ്യവസായി എം.എ. യൂസഫലി, ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ, ടീകോം സി.ഇ.ഒ മാലിക് അൽ മാലിക്, വൈസ് പ്രസിഡന്റ് അബ്‌ദുൾ ലത്തീഫ് അൽ മുല്ല, സ്‌മാർട് സിറ്റി മാനേജിംഗ് ഡയറക്‌ടർ ബാബു ജോർജ്, സി.ഇ.ഒ ജിജോ ജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead