സഞ്ചാരികളെ കാത്ത് പുലിയണിപ്പാറ.

Story Dated :November 22, 2014

POR

പെരുമ്പാവൂര്‍: മനംകുളിര്‍ക്കുന്ന പ്രകൃതിവര്‍ണങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പാണംകുഴിയിലെ പുലിയണിപ്പാറ. 300 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ പാറമുത്തശ്ശിക്ക് റോഡ്നിരപ്പില്‍നിന്ന് 200 അടിയിലേറെ ഉയരവുമുണ്ട്. ഇതിന്റെ ഉച്ചിയില്‍നിന്നാല്‍ നോക്കെത്താദൂരം നീണ്ടുകിടക്കുന്ന മലനിരകളുടെ മനോഹരദൃശ്യം കാണാം.കഷ്ടപ്പെട്ട് പാറയുടെ മുകളിലെത്തിയാല്‍ ഉള്ളുതണുപ്പിക്കാന്‍ ഐസ്പോലെ തണുത്ത വെള്ളവും കിട്ടും. പാറയുടെ ഉച്ചിയിലുള്ള ഒരിക്കലുംവറ്റാത്ത കിണറിലാണ് ഈ ജലശേഖരം. കൈക്കുമ്പിളില്‍ കോരിയെടുത്തു കുടിക്കാവുന്നവിധം നിറഞ്ഞുകിടക്കുന്നു. അത്യുഷ്ണം അനുഭവപ്പെടാത്തവിധം ഇടവേളയില്ലാതെ തണുത്ത കാറ്റും സുലഭം. പുറംലോകം വേണ്ടത്ര കേട്ടറിഞ്ഞിട്ടില്ലാത്ത പ്രകൃതിയുടെ ഈ ഉദ്യാനം പെരിയാറില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ തെക്കുമാറിയാണ്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പാണിയേലി പോര് ഇവിടെനിന്ന് അഞ്ചു കിലോമീറ്റര്‍മാത്രം അകലെയാണ്. സര്‍ക്കാര്‍ പുറമ്പോക്കുഭൂമിയായ ഈ പാറയുടെ ഉച്ചിയില്‍ പുലിയണിപ്പാറ ഭഗവതിക്ഷേത്രവും സ്ഥിതിചെയ്യുന്നു. എല്ലാവര്‍ഷവും വിപുലമായ ഉത്സവാഘോഷം നടക്കുന്ന ഇവിടെ മന്ത്രിമാളികയില്‍ മനസ്സമ്മതം, മാണിക്യക്കൊട്ടാരം, മനുഷ്യമൃഗം എന്നീ സിനിമകളുടെ ചിത്രീകരണവും നടന്നിട്ടുണ്ട്. രണ്ടുവര്‍ഷംമുമ്പാണ് വൈദ്യുതി എത്തിയത്. മലഞ്ചരക്കുവ്യാപാരികള്‍ ലോഡ്കണക്കിന് ഇഞ്ചി ഇവിടെ കൊണ്ടുവന്ന് ഉണക്കിയിരുന്നു. എന്നാല്‍, ഇത് കേടുവരാതിരിക്കാന്‍ സള്‍ഫര്‍ വിതറാന്‍ തുടങ്ങിയതോടെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉടലെടുത്തു. ഗ്രാമീണര്‍ ഇതിനെതിരെ പ്രതികരിച്ചതോടെ ഇഞ്ചിയുണക്കും നിലച്ചു. ബുദ്ധ-ജൈന സന്യാസിമാര്‍ വന്യമൃഗങ്ങളില്‍നിന്നു രക്ഷപ്പെടാന്‍ ഉപയോഗിച്ചിരുന്നതെന്നു കണക്കാക്കുന്ന കുഴിയറകളും തപസ്സനുഷ്ഠിക്കാന്‍ ഉപയോഗിച്ചിരുന്ന മുനിയറകളും ഈ പാറയിടുക്കുകള്‍ക്കിടയില്‍ കാണാം.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead
Other Stories