വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചില്ല; റീസര്‍വേ ഓഫീസ് പ്രവര്‍ത്തനം താളംതെറ്റി

Story Dated :November 22, 2014

കോട്ടയം: ജില്ലാ ടോറന്‍സ് ഓഫീസ് കത്തിനശിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ വിച്ഛേദിച്ച വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്ത് ചാലുകുന്നിലെ ജില്ലാ റീസര്‍വേ ഓഫീസിന്റെ പ്രവര്‍ത്തനത്തെ താളംതെറ്റിച്ചു.റീസര്‍വേ ഓഫീസിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലായിരുന്നു ടോറന്‍സ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഒമ്പതിന് പുലര്‍ച്ചെ തീകത്തിയശേഷം കെഎസ്ഇബി അധികൃതര്‍ പോസ്റ്റില്‍ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. ഇനി കണക്ഷന്‍ ലഭിക്കാന്‍ പഴയരീതിയിലുള്ള വയറിങ് മാറ്റി പുതിയത് ചെയ്യണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ജില്ലയിലെ അഞ്ച് താലൂക്കുകളിലെയും റീസര്‍വേ സംബന്ധിക്കുന്ന മുഴുവന്‍ വിവരങ്ങളും ഈ ഓഫീസില്‍ നിന്നാണ് ലഭിക്കുന്നത്. അളവ് പ്ലാന്‍, ലാന്‍ഡ് രജിസ്റ്റര്‍, ബ്ലോക്ക് മാപ്പ്, ഏരിയലിസ്റ്റ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് പൊതുജനങ്ങള്‍ ഈ ഓഫീസില്‍ എത്താറുണ്ട്. നിശ്ചിത ഫീസടച്ചാല്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പ് എടുത്ത് നല്‍കും. വൈദ്യുതി വിച്ഛേദിച്ചതിനാല്‍ ഫോട്ടോസ്റ്റാറ്റ് നല്‍കാനാവുന്നില്ല. ഇതുമൂലം ആവശ്യക്കാര്‍ പുറത്തുള്ള കടകളില്‍ ചെന്ന് പകര്‍പ്പ് എടുക്കാന്‍ കൂടുതല്‍ പണം മുടക്കേണ്ടി വരുന്നു. അളവ് പ്ലാനും ബ്ലോക്ക് മാപ്പും വലിയ പേപ്പറുകളില്‍ എടുക്കേണ്ടതിനാലാണ് കൂടുതല്‍ തുക വേണ്ടി വരുന്നത്. റീസര്‍വേ ഓഫീസിലാണെങ്കില്‍ ആവശ്യമായ രേഖകള്‍ക്ക് നിശ്ചിത ഫീസ് അടച്ചാല്‍ പകര്‍പ്പും ലഭിക്കും. ഇപ്പോഴാകട്ടെ ഫീസ് അടച്ചാലും പകര്‍പ്പിന് വീണ്ടും പണം മുടക്കേണ്ടതാണ് സ്ഥിതി. വൈദ്യുതിയില്ലാത്തത് ഓഫീസിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. മുറികളില്‍ ആവശ്യത്തിന് വെളിച്ചമില്ലാത്തതിനാല്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ല. ഫീല്‍ഡ് ജീവനക്കാരൊഴികെ 43 പേര്‍ ഓഫീസില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെക്കൂടാതെ ടോറന്‍സ് ഓഫീസിലെ ജീവനക്കാരെയും താല്‍ക്കാലികമായി ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതിനാല്‍ ഡ്രാഫ്റ്റ്സ്മാന്‍ തസ്തികയിലുള്ളവരെ പാലാ, വൈക്കം, ചങ്ങനാശേരി സബ്ഓഫീസുകളിലേക്ക് താല്‍ക്കാലികമായി മാറ്റി. തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയായിട്ടും പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല. സര്‍വേവകുപ്പിനു കീഴിലുള്ള വിജിലന്‍സ് സംഘം പരിശോധന നടത്താനിരിക്കെയായിരുന്നു തീപിടിത്തം. ഇത് ദുരൂഹതയ്ക്ക് ഇടയാക്കി. കത്തിയ മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധം അനുഭവപ്പെട്ടതിനാല്‍ പുറത്തുനിന്ന് തീ കത്തിച്ചതെന്ന പ്രാഥമിക നിഗമനമാണ് പൊലീസിനുള്ളത്. എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചാലേ വ്യക്തമാകൂ. ഇതുവരെയുള്ള അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഏഴ് വില്ലേജ് ഓഫീസുകളുടെ പരിധിയിലുള്ള രജിസ്റ്ററുകളും സ്കെച്ചുകളുമടക്കം നൂറുകണക്കിന് ഫയലുകളാണ് നശിച്ചത്. മാര്യാതുരുത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പഴയ വീട്് വാടകക്കെടുത്താണ് റീസര്‍വേ ഓഫീസും ടോറന്‍സ് ഓഫീസും വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നത്. ജനുവരിയില്‍ ഒഴിയണമെന്ന് വീട്ടുടമ നിര്‍ദേശിച്ചതിനാല്‍ ഓഫീസ് മാറുമെന്ന് റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ എസ് അശോകന്‍ പറഞ്ഞു. ചാലുകുന്നില്‍ തന്നെയോ പള്ളിപ്പുറത്തുകാവിനു സമീപത്തേക്കോ ഓഫീസ് മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. - See more at: http://www.deshabhimani.com/news-kerala-kottayam-latest_news-418262.html#sthash.XAwvMkwt.dpuf

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead
Other Stories