ലോകത്തെ വായിക്കാന്‍ 6 കീമതി

Story Dated :November 21, 2014

knalin_141023024137965_141023122651541

സ്വതന്ത്ര സോഫ്റ്റ് വെയർ ലോകത്തിന്റെ അതിരില്ലാത്ത ലോകത്ത് ടൈപ്പിങ്ങിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയാണ് കാസര്‍കോട്ടെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നളിന്‍ സത്യന്‍. കംപ്യൂട്ടര്‍ കീ ബോര്‍ഡിലെ ആറ് കീ ഉപയോഗിച്ച്  (F, D, S, J, K, L)  ലോകത്തിലെ ഏതു ഭാഷയും ടൈപ്പ്ചെയ്യാമെന്ന സാധ്യത തുറന്നിട്ട നളിന് ഗൂഗിളിന്റെ അംഗീകാരവും.കാഴ്ചയില്ലാത്തവര്‍ ഉപയോഗിക്കുന്ന ബ്രെയില്‍ ലിപിയുടെ കംപ്യൂട്ടര്‍ പരാവര്‍ത്തനമാണ് നളിന്‍ സാധ്യമാക്കിയത്. ആറ് കീ കളിലൂടെ 64 ചേരുവകള്‍ സാധിച്ചെടുക്കുന്ന ബ്രെയില്‍ ലിപിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് നളിന്‍ ഐബസ് ശാരദ ബ്രെയില്‍ എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ലോകത്തിലെ മുഴുവന്‍ ഭാഷകളിലെയും അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാനും ലാംഗ്വേജ് എഡിറ്റിങ്, അബ്രിവിയേഷന്‍ എഡിറ്റിങ് എന്നിവ നടത്താനും ആറ് കീ മതി. ബ്രെയില്‍ ലിപിയിലെ ചുരുക്കെഴുത്ത് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നതോടെ ടൈപ്പിങ്ങിന്റെ വേഗം പതിന്മടങ് വര്‍ധിപ്പിക്കും. കീബോര്‍ഡ് ചെറുതായി ചുരുക്കുമെന്നതും ഈ സോഫ്റ്റ്വെയറിന്റെ പ്രത്യേകതയാണ്. മൊബൈല്‍ ഫോണിലും ഐപാഡിലും ഈ സോഫ്റ്റ്വെയറിന്റെ സ്വീകാര്യതയും കൂടും. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകള്‍ ഐബസ് ശാരദ ബ്രെയില്‍ കീ ഉപയോഗിച്ച് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ ടൈപ്പ് ചെയ്തു തുടങ്ങിയിട്ടുണ്ട്.സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്ന സംഘടന മുഖേനയാണ് ഈ പ്രോജക്ട് ഗൂഗിളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഇത് രണ്ടാം തവണയാണ് നളിന് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് അംഗീകാരം ലഭിക്കുന്നത്. ഏഴുലക്ഷം രൂപ ഇതിന് സ്കോളര്‍ഷിപ്പായി ലഭിച്ചു. പോയവര്‍ഷം അന്ധവിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുംവിധം ശബ്ദപിന്തുണകൂടി ഉള്‍പ്പെടുത്തി നളിന്‍ തയ്യാറാക്കിയ ടക്സ് ഫോര്‍ കിഡ്സിന്റെ ടക്സ് ടൈപ്പ്, ടക്സ് മാത്സ് സോഫ്റ്റ്വെയറുകള്‍ക്ക് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ അംഗീകാരം ലഭിച്ചിരുന്നു. അന്ധവിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ശബ്ദത്തിന്റെകൂടി സഹായത്തോടെ നിര്‍ദേശം നല്‍കുന്ന സൗകര്യമാണ് ഇതില്‍ അധികമായി നളിന്‍ ഉള്‍പ്പെടുത്തിയത്. ഫ്രഞ്ചുകാരനായ സാമുവല്‍ ടിബല്‍ട്ട്, സ്വതന്ത്രസോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അനിവര്‍ അരവിന്ദ്, കാസര്‍കോട് സ്വദേശിയും കെല്‍ട്രോണിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ തലവനുമായ അനില്‍കുമാര്‍ എന്നിവരാണ് ഐബസ് ശാരദ ബ്രെയില്‍ സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ നളിന് വഴികാട്ടിയായത്. കാസര്‍കോട് അന്ധവിദ്യാലയത്തിലെ അധ്യാപകനായ അഛന്‍ കെ സത്യശീലനില്‍നിന്നാണ് ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ നളിന്‍ തിരിച്ചറിഞ്ഞത്. കാഴ്ചയുടെ ലോകം അന്യമായ സത്യശീലന്‍ കാഴ്ചയില്ലാത്തവര്‍ക്ക് വായന സാധ്യമാകുന്ന ഉബുണ്ടു സോഫ്റ്റ്വെയര്‍ കണ്ടുപിടിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അധ്യാപകനാണ്. അദ്ദേഹം രൂപകല്‍പ്പന ചെയ്ത ലിനക്സ് ഇന്റലിജന്റ് ഒസിആര്‍ സൊല്യൂഷന്‍ എന്നുപേരായ ഈ സോഫ്റ്റ്വെയര്‍ ഇപ്പോഴും പുതുതായി ആഴ്ചയില്‍ 120 ഓളം പേര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഏതു ഭാഷയിലുള്ള പുസ്തകം വായിക്കാനും കാഴ്ചയില്ലാത്തവര്‍ക്ക് ഈ സോഫ്റ്റ്വെയര്‍ തുണയാകും. ഇത്തരം വായന സാധ്യമാക്കാന്‍ മുമ്പുതന്നെ കുത്തക സോഫ്റ്റ്വെയറുകള്‍ വിപണിയിലുള്ളതാണ്. പണം മുടക്കി സത്യശീലന്‍ ഒരിക്കല്‍ ഇങ്ങനെയൊരെണ്ണം വാങ്ങിയതുമാണ്. അതിന്റെ സാങ്കേതികതയിലും പണച്ചെലവിലും മനംമടുത്താണ് സ്വതന്ത്രസോഫ്റ്റ്വെയറിന്റെ പുതിയ ആകാശത്തേക്ക് കടന്നുചെന്നത്. ചെമ്മനാട് ദേളി സ അദിയ കോളേജില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ നളിന്‍, സ്വതന്ത്രസോഫ്റ്റവെയര്‍ കൂട്ടായ്മയില്‍ പുതിയ സാധ്യതകള്‍ക്ക് കോപ്പുകൂട്ടുകയാണ് ഇനിയും. ലോകത്താകെ വലവിരിച്ച ആ സൗഹൃദകൂട്ടായ്മയില്‍ നളിനൊപ്പം കൈപിടിച്ച് അച്ഛനുണ്ട്, ഇതുവരെ നേരിട്ടുകണ്ടിട്ടില്ലാത്ത, എന്നും അടുത്ത സമ്പര്‍ക്കമുള്ള ഫ്രാന്‍സിലെ സാമുവല്‍ ടിബല്‍ട്ടുണ്ട്. അച്ഛനൊപ്പം മാനസഗുരുവായി കൊണ്ടുനടക്കുന്ന സാക്ഷാല്‍റിച്ചാര്‍ഡ് സ്റ്റാള്‍മാനുമുണ്ട്.കാസര്‍കോട് സീതാംഗോളി അന്ധവിദ്യാലയത്തിനടുത്തുള്ള വീട്ടില്‍ അച്ഛനൊപ്പം തുടര്‍പരീക്ഷണങ്ങളിലാണ് നളിന്‍. അമ്മ ശാരദയുടെ പേരാണ് പുതിയ സോഫ്റ്റ്വെയറിന്. സഹോദരി ശാലിനി കാസര്‍കോട് ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ്. നളിനെ ബന്ധപ്പെടാം:Nalin.x.Linux@gmail.com

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead