രാജ്യത്ത് ഒന്നാം റാങ്കിൽ തിരുവനന്തപുരം പാസ്പോർട്ട് ഓഫീസ്

Story Dated :June 30, 2018

1

തിരുവനന്തപുരം: അപേക്ഷ നൽകി 24 മണിക്കൂറിനകം പാസ്‌പോർട്ട് കൈയിലെത്തിച്ച്, രാജ്യത്തെ 37 റീജിയണൽ പാസ്പോർട്ട് ഓഫീസുകളെ പിന്തള്ളി തിരുവനന്തപുരം കേന്ദ്രറാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി. പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് ആവശ്യമില്ലാത്തതും പുതുക്കാനുള്ളതും കുട്ടികളുടെയും പാസ്പോർട്ടാണ് 24 മണിക്കൂറിനകം വിതരണം ചെയ്യുന്നത്. പുതിയ പാസ്പോർട്ടുകൾക്ക് മാത്രമാണ് പൊലീസ് പരിശോധനാ റിപ്പോർട്ട് നിർബന്ധമുള്ളത്. നഗരപരിധിക്കുള്ളിൽ ആറാംദിനവും നഗരത്തിനു പുറത്ത് ഒമ്പതാം ദിനവും പാസ്പോർട്ട് വീട്ടിലെത്തിച്ച് കാര്യക്ഷമത തെളിയിച്ചാണ് തിരുവനന്തപുരം ഒന്നാം റാങ്കടിച്ചത്. അപേക്ഷ ലഭിച്ചാൽ എത്ര ദിവസത്തിനുള്ളിൽ പാസ്പോർട്ട് വിതരണം ചെയ്യാനാവും, ഓഫീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എത്രദിവസമെടുക്കും, ജീവനക്കാരുടെ പ്രവർത്തനക്ഷമത, പരാതികളിൽ എത്രദിവസത്തിനകം പരിഹാരമുണ്ടാക്കും, പൊലീസ് വെരിഫിക്കേഷൻ റിപ്പോർട്ട് ലഭിച്ചാൽ എത്രവേഗത്തിൽ പാസ്പോർട്ട് നൽകും, പുതിയ അപേക്ഷകർക്ക് കൂടിക്കാഴ്ച എത്രവേഗം പൂർത്തിയാക്കും, പോസ്റ്റ് ഓഫീസ് സേവാ കേന്ദ്രങ്ങളുടെ പ്രവർത്തനം എന്നിങ്ങനെ 15 ഘടകങ്ങളാണ് കേന്ദ്രസർക്കാർ പരിശോധിച്ചത്. എല്ലാ ഘടകങ്ങളിലും തിരുവനന്തപുരം ഒന്നാമതെത്തി. പാസ്പോർട്ട് വിതരണത്തിന് അതിവേഗ നടപടികൾക്ക് പുറമേ പുതിയ അപേക്ഷകർക്ക് തൊട്ടടുത്ത ദിവസം തന്നെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുന്നുണ്ട്. പാസ്പോർട്ട് സേവാകേന്ദ്രത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 30-40 മിനിട്ട് മതി. ശരാശരി 9 ദിവസത്തിനകം എല്ലാ അപേക്ഷകർക്കും പാസ്പോർട്ട് വിതരണം ചെയ്യുന്നു. പാസ്പോർട്ട് ഓഫീസ് ജീവനക്കാരുടെയും പൊലീസ്, തപാൽ വകുപ്പുകളുടെയും മികച്ച പിന്തുണ കൊണ്ടാണ് ഒന്നാംസ്ഥാനം നേടാനായതെന്ന് പാസ്പോർട്ട് ഓഫീസർ ആഷിഖ് കാരാട്ടിൽ 'സിറ്റികൗമുദി'യോട് പറഞ്ഞു. പാസ്പോർട്ട് വെരിഫിക്കേഷൻ നടത്തുന്ന പൊലീസുദ്യോഗസ്ഥർക്ക് മൊബൈൽ നൽകി, പരിശോധനാ സമയത്തു തന്നെ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള സംവിധാനം തിരുവനന്തപുരത്ത് തുടങ്ങിയിരുന്നു. ഇത് സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ പൊലീസ് വെരിഫിക്കേഷൻ വേഗത്തിലാവും. വിദൂരസ്ഥലങ്ങളിൽ പോലും വേഗത്തിൽ പാസ്പോർട്ട് വിതരണം ചെയ്യാൻ തപാൽവകുപ്പും സഹകരിക്കുന്നു. ഭൂരിഭാഗം അപേക്ഷകളും അക്ഷയകേന്ദ്രങ്ങളിലൂടെയാണ് രജിസ്റ്റർ ചെയ്യുന്നതെന്നതിനാൽ തെറ്റുകൾ കുറവാണ്. രേഖകൾ കൃത്യമല്ലെങ്കിലും അപേക്ഷയിൽ തെറ്റുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയമെടുക്കും. അക്ഷയകേന്ദ്രങ്ങളുടെ ഇടപെടൽ കാരണം ഈ കാലതാമസം ഒഴിവാക്കാനായി. പാസ്പോർട്ട് ഓഫീസ് ജീവനക്കാരുടെ കഠിനാദ്ധ്വാനവും ഒന്നാം റാങ്കിന് പിന്നിലുണ്ടെന്നും ആഷിഖ് കാരാട്ടിൽ പറഞ്ഞു. കഴിഞ്ഞവർഷം വരെ മൂന്ന് വിഭാഗങ്ങളായാണ് പാസ്പോർട്ട് ഓഫീസുകൾക്ക് റാങ്കിംഗ് നൽകിയിരുന്നത്. നാലുലക്ഷത്തിലധികം പാസ്പോർട്ട് വിതരണം ചെയ്യുന്ന എ കാറ്റഗറിയിൽ കഴിഞ്ഞവർഷം കൊച്ചി പാസ്പോർട്ട് ഓഫീസിനായിരുന്നു ഒന്നാംസ്ഥാനം. രണ്ടുമുതൽ നാലുലക്ഷം വരെ പാസ്പോർട്ട് നൽകുന്ന ബി-കാറ്റഗറിയിൽ തിരുവനന്തപുരം ഒന്നാമതെത്തി. മലപ്പുറം, കോഴിക്കോട്, മധുര എന്നീ ഓഫീസുകളായിരുന്നു പിന്നിൽ. രണ്ടുലക്ഷത്തിനു താഴെയുള്ള സി-കാറ്റഗറിയുമുണ്ട്. ഇക്കൊല്ലം എല്ലാ വിഭാഗങ്ങളും യോജിപ്പിച്ച്, മാനദണ്ഡങ്ങൾ മാറ്റിയാണ് ഒറ്റ വിഭാഗമായി റാങ്കിംഗ് ഏർപ്പെടുത്തിയത്. ഇത്തരത്തിലുള്ള പ്രഥമ അവാർഡാണ് തിരുവനന്തപുരം നേടിയത്. വഴുതക്കാട്, നെയ്യാറ്റിൻകര, കൊല്ലം, പത്തനംതിട്ട പാസ്പോർട്ട് സേവാകേന്ദ്രങ്ങൾ തിരുവനന്തപുരം ഓഫീസിനു കീഴിലാണ്. ഇപ്പോൾ ക്യാമ്പ് രീതിയിൽ പ്രവർത്തിക്കുന്ന പത്തനംതിട്ട പോസ്റ്റ്ഓഫീസ് സേവാകേന്ദ്രം രണ്ടാഴ്ചയ്ക്കുള്ളിൽ പൂർണതോതിലുള്ള സേവാകേന്ദ്രമായി മാറും. അപേക്ഷ സ്വീകരിക്കലും ഫോട്ടോയെടുപ്പും ഫയൽപരിശോധനയുമെല്ലാം അവിടെത്തന്നെ നടത്താനാവും-ആഷിഖ് കാരാട്ടിൽ പറഞ്ഞു. 100ൽ 25 പേർക്ക് പാസ്പോർട്ട് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 5 ശതമാനത്തിനു മാത്രമേ പാസ്പോർട്ടുള്ളൂ. പക്ഷേ കേരളത്തിൽ 25 ശതമാനം ജനങ്ങൾക്കും പാസ്പോർട്ടുണ്ട്. ഏറ്റവും കൂടുതൽ സാധുതയുള്ള പാസ്പോർട്ട് കൈവശമുള്ളവരും കേരളത്തിലാണ്. തിരുവനന്തപുരത്ത് പാസ്പോർട്ട് അപേക്ഷകളിൽ 5 ശതമാനത്തിന്റെ വർദ്ധനയുണ്ട്. 2.35 ലക്ഷം പാസ്പോർട്ടുകളാണ് കഴിഞ്ഞവർഷം തിരുവനന്തപുരത്ത് നൽകിയത്. ''പൊലീസ് വെരിഫിക്കേഷൻ ഡിജിറ്റലാവുന്നതോടെ അതിവേഗം പാസ്‌പോർട്ട് നൽകാനാവും. രാജ്യത്തെവിടെയും അപേക്ഷിക്കാമെന്ന പുതിയ നിയമം വന്നതോടെ അന്യസംസ്ഥാന തൊഴിലാളികൾക്കടക്കം ഇവിടെ നിന്ന് പാസ്പോർട്ട് നൽകാനാവും.'' ആഷിഖ് കാരാട്ടിൽ പാസ്പോർട്ട് ഓഫീസർ

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

hotbrains