മുട്ട ആര്‍ക്കും വേണ്ട; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Story Dated :December 6, 2014

eggs (1)

ആലപ്പുഴ: പക്ഷിപ്പനി ബാധിതമേഖലയായ കുട്ടനാട്ടില്‍ താറാവ്മുട്ടകള്‍ കെട്ടിക്കിടക്കുന്നതു കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പതിനായിരക്കണക്കിനു മുട്ടയാണ് വിവിധയിടങ്ങളില്‍ കെട്ടിക്കിടക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരണത്തോടെ മുട്ടയ്ക്ക് ആവശ്യക്കാര്‍ ഇല്ലാത്തതാണ് കാരണം. മുട്ട ഒന്നിനു ആറുമുതല്‍ ഏഴുരൂപവരെയാണ് വില. നേരത്തേ മുട്ടയ്ക്ക് നല്ല ഡിമാന്‍ഡുണ്ടായിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രണ്ടുലക്ഷത്തോളം താറാവുളെ കുട്ടനാട്ടില്‍ മാത്രം കൊന്നൊടുക്കി. പലയിടങ്ങളിലും ഇപ്പോഴും താറാവുകള്‍ ചത്തുവീഴുന്നു. ചിലയിടങ്ങളില്‍ കോഴികളും കൂട്ടത്തോടെ ചാകുന്നു. പക്ഷിപ്പനി സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണെങ്കില്‍ കുട്ടനാടന്‍ മേഖലയില്‍ ആറുമാസത്തേക്കെങ്കിലും താറാവുവളര്‍ത്തലിനു നിയന്ത്രണം വരും. ഇതിനുപുറമെയാണ് കെട്ടിക്കിടക്കുന്ന മുട്ടകള്‍ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യം. കുട്ടനാട്ടില്‍ നെല്ലുല്‍പാദനത്തിനു പുറമെ മത്സ്യക്കൃഷിയും താറാവുകൃഷിയുമാണ് പ്രധാന വരുമാനസ്രോതസ്. അശാസ്ത്രീയ റോഡുവികസനം കനാലുകളില്‍ നീരൊഴുക്ക് തടസപ്പെടുത്തിയതും മാലിന്യം കുമിഞ്ഞുകൂടുന്നതും കുട്ടനാട്ടിലെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറച്ചു. അങ്ങനെ ഈ വഴിക്കുള്ള വരുമാനം ഇടിഞ്ഞെങ്കിലും താറാവുകൃഷി കര്‍ഷകരെ ജീവിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷിപ്പനി ഈ പ്രതീക്ഷയാണ് തല്ലിക്കെടുത്തിയത്. അഖില കുട്ടനാടന്‍ പ്രദേശത്ത് ഒരു നെല്ലും മീനും പദ്ധതി, താറാവുകൃഷി എന്നിവ വ്യാപിപ്പിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഡോ. എം എസ് സ്വാമിനാഥന്‍ പഠനറിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കുട്ടനാട് പാക്കേജിലും ഈ പദ്ധതികള്‍ ഇടംപിടിച്ചു. ലക്ഷ്യം കാണാതെ പാക്കേജ് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ പെരുവഴിയിലായ കുട്ടനാടന്‍ കര്‍ഷകര്‍ കരകയറാന്‍ മാര്‍ഗമെന്തെന്നറിയാതെ ഉഴലുകയാണ്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead