മാലിന്യംനിറഞ്ഞ് ദേശീയ “കാ”പാത

Story Dated :November 22, 2014

road_side_141122123019209

കണ്ണൂര്‍: സഞ്ചാരത്തിനിടയില്‍ റോഡരികില്‍ മാലിന്യം പൊതിഞ്ഞ് വലിച്ചെറിയുന്നവരെ എങ്ങനെ കുറ്റം പറയും? ഇരുവശവും കാടുമൂടി കാനപാതയായിരിക്കുകയാണ് ദേശീയപാത അടക്കമുള്ള റോഡുകള്‍. പച്ചപിടിച്ചുപിണഞ്ഞ ഈ പൊന്തകളാണ് ഇപ്പോള്‍ പലരുടെയും മാലിന്യനിക്ഷേപ കേന്ദ്രം. മാന്യന്മാരായി കാറില്‍ പോകുന്നവരും കാല്‍നടയായി എത്തുന്നവരുമെല്ലാം മാലിന്യം വലിച്ചെറിയാന്‍ പാതയോരങ്ങളെ ഉപയോഗിക്കുന്നു. രോഗങ്ങളും പകര്‍ച്ചവ്യാധിയും നാടാകെ പരത്തുന്നതില്‍ ഈ പാതകള്‍ക്ക് ചെറുതല്ലാത്ത സ്ഥാനമാണ്.ദേശീയപാതയുടെ ഓരങ്ങള്‍ പലയിടത്തും വന്‍കാടുകളായി മാറി. ഇവ കൃത്യസമയത്ത് വെട്ടിമാറ്റാന്‍ അധികൃതര്‍ ഒരുക്കമല്ല. വാഹനാപകടങ്ങള്‍ക്കുവരെ കുറ്റിക്കാടുകള്‍ വഴിയൊരുക്കുന്നു. എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാത്തത് പൊന്തക്കാടുകളുടെ മറയുള്ളതുകൊണ്ടാണ്. കാല്‍നടക്കാരെ വാഹനമിടിക്കുന്നതിനും ഇത് കാരണമാകുന്നു. ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോല്‍ പലയിടത്തും മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. അറവുശാലകളില്‍നിന്നും കല്യാണവീടുകളില്‍നിന്നുമുള്ള അവശിഷ്ടങ്ങള്‍ നിര്‍ബാധം തള്ളുകയാണ്. രാത്രി വാഹനങ്ങളിലെത്തി മാലിന്യം പാതയോരത്ത് ചൊരിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഹൈവേ പട്രോളിങ് ടീം പരാജയമാണ്. ദേശീയപാത അധികൃതരും ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നു. എടക്കാട്, മുഴപ്പിലങ്ങാട്, ചാല പ്രദേശങ്ങളിലെല്ലാം പാതയോരം പൊന്തക്കാടുകളായി. അടുത്തടുത്ത കേന്ദ്രങ്ങളിലായി ഇവിടെയെല്ലാം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം. വളപട്ടണം പാലത്തിന് സമീപം പാപ്പിനിശേരിയിലെ കണ്ടല്‍ക്കാടുകളിലും ഇത്തരത്തില്‍ വന്‍തോതില്‍ മാലിന്യം വലിച്ചെറിയുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ചരക്കുലോറികള്‍ വിശ്രമത്തിന്റെ ഭാഗമായി നിര്‍ത്തിയിടുമ്പോള്‍ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന സ്ഥിതിയുമുണ്ട്. പാതയോരത്തെ മാലിന്യം നീക്കാന്‍ ആരും സന്നദ്ധരാകാറില്ല. ശുചിത്വം പാലിക്കണമെന്നുള്ള നിര്‍ദേശ ബോര്‍ഡുകളുടെ ചുവട്ടില്‍വരെ മാലിന്യം തള്ളുന്നു. റോഡുകളില്‍ മാലിന്യം തള്ളുമ്പോള്‍ സമീപത്തെ വീടുകളിലെ കിണറുകളുമാണ് മലിനപ്പെടുന്നത്. ഇവയേക്കാളും ഭീകരമാണ് തെരുവുനായ്ക്കളുടെ കാര്യം. പലപ്പോഴും നഗരപ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ പെരുകുന്നത് പാതയോരത്ത് വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിച്ചാണ്. പ്രദേശവാസികളുടെ കൂട്ടായ്മയുണ്ടെങ്കില്‍ പാതയോരങ്ങളെ മലിനീകരണത്തില്‍നിന്ന് തടയാം. തദ്ദേശസ്ഥാപനങ്ങളും സഹായിക്കണം. ലോറികള്‍ റോഡുകളില്‍ മീന്‍വെള്ളം ഒഴുക്കുന്നത് തടഞ്ഞത് യുവാക്കളുടെ കൂട്ടായ്മയാണ്. രാത്രി ഊഴമിട്ട് കാവലിരുന്നും മറ്റും സാമൂഹ്യദ്രോഹം ചെയ്യുന്നവരെ പിടികൂടാം. കാടുകള്‍ വെട്ടിത്തെളിച്ച് കൂട്ടായ്മകള്‍ക്ക് കൃഷിയും ആരംഭിക്കാം. ഏതിനും ദേശീയപാത അധികൃതരും ജനങ്ങളും ഒരുപോലെ മനസുവയ്ക്കണം. രാത്രി ഡ്യൂട്ടിയിലുള്ള ഹൈവേ പൊലീസ് "ഉണര്‍ന്ന്' പ്രവര്‍ത്തിക്കുന്നതും ഈ മുന്നേറ്റത്തിന് ശക്തിപകരും.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead
Other Stories