പക്ഷിപ്പനി

Story Dated :November 27, 2014

pakshi_141127121047383

പക്ഷിപ്പനി ബാധിച്ച താറാവുകളെ അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ കൂട്ടത്തോടെ സംസ്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്ന് കുട്ടനാട് മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ചത്ത താറാവുകളെ സംസ്കരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതും രോഗംബാധിക്കാത്തവയെ കൂട്ടത്തോടെ കൊല്ലാനുള്ള നീക്കവുമാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. 22000 ഓളം താറാവുകള്‍ കുട്ടനാട്ടില്‍ മാത്രം ചത്തുവെന്നാണ് മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന കണക്ക്. മേഖലയിലെ മൂന്നുലക്ഷത്തോളം താറാവുകളെ കൂട്ടത്തോടെ കൊല്ലാനാണ് സര്‍ക്കാര്‍ തീരുമാനം. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെ താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നത് അന്തരീക്ഷമലിനീകരണത്തിനു കാരണമാകുമെന്നും പരിസ്ഥിതിക്ക് ദോഷമാകുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ബുധനാഴ്ച മുതല്‍ താറാവുകളെ കൊല്ലാനുള്ള തീരുമാനം മാറ്റിവച്ചു. തുടര്‍നടപടി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. താറാവുകളെ കൊല്ലുന്നത് വ്യാഴാഴ്ചയും നടക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

സമുദ്രനിരപ്പില്‍നിന്ന് ഒരുമീറ്റര്‍മുതല്‍ രണ്ടരമീറ്റര്‍വരെ താഴെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് കുട്ടനാടന്‍മേഖല. ഇവിടെ പ്രത്യേകം കുഴിയെടുത്ത് വിറകും പെട്രോളും ഉപയോഗിച്ച് താറാവുകളെ സംസ്കരിക്കുന്നത് അപ്രായോഗികമാണ്. കുഴിയെടുത്താല്‍ അവിടെ വെള്ളക്കെട്ടാകുമെന്നതിനാല്‍ ഈ രീതിയിലുള്ള സംസ്കരണം നടക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.ചത്ത താറാവുകളെ കൂട്ടിയിട്ട സ്ഥലങ്ങളില്‍ ദുര്‍ഗന്ധം ഉയര്‍ന്നു തുടങ്ങി. പലയിടത്തും ചത്ത താറാവുകള്‍ വയലിലും വെള്ളക്കെട്ടിലും തന്നെ കിടക്കുകയാണ്. നാട്ടുകാര്‍ക്ക് വെള്ളം ഉപയോഗിക്കാനാവുന്നില്ല. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. കുട്ടനാട്ടിലെ പുറക്കാട് മലയില്‍ത്തോട് തെക്ക് ഗതികെട്ട നാട്ടുകാര്‍ മുന്നൂറോളം താറാവുകളെ സംസ്കരിച്ചു. സുരക്ഷാകവചങ്ങളില്ലാതെ തുറസായ സ്ഥലത്ത് സംസ്കരിക്കാന്‍ തുടങ്ങിയെങ്കിലും അധികൃതര്‍ ഇടപെട്ട് കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം മാസ്കും കയ്യുറകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി.

കോട്ടയം ജില്ലയില്‍ താറാവുകളെ കൊന്നൊടുക്കാന്‍തുടങ്ങി. അയ്മനം പഞ്ചായത്തിലെ കൊല്ലത്തുകരിയില്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ 1800 താറാവുകളെ കൊന്ന് കത്തിച്ചു. ഇതിനിടെ, പുറക്കാട് രണ്ട് കുടുംബത്തിലെ ഏഴുപേര്‍ക്ക് പക്ഷിപ്പനി ലക്ഷണങ്ങളുണ്ടെന്ന അഭ്യൂഹം കനത്ത ആശങ്ക ഉയര്‍ത്തി. ഇവര്‍ പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. തുടര്‍ന്ന് ഏഴുപേരെയും വീടുകളിലേക്ക് മടക്കിയയച്ചു. മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ ഒരാള്‍ക്കും രോഗബാധ ഉണ്ടെന്ന അഭ്യൂഹം പരന്നു. ഇവരിലൊന്നും പക്ഷിപ്പനി സംബന്ധിച്ച ലക്ഷണങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമിയാബീഗം "ദേശാഭിമാനി'യോട് പറഞ്ഞു.

കൊല്ലം ജില്ലയില്‍ പോരുവഴി, കുന്നത്തൂര്‍ പഞ്ചായത്തുകളിലായി കഴിഞ്ഞദിവസം നൂറുകണക്കിനു താറാവുകള്‍ ചത്തു. ചിലഭാഗങ്ങളില്‍ കോഴികളും ചത്തിട്ടുണ്ട്. ശൂരനാട് വടക്ക് പഞ്ചായത്തിലും പക്ഷിപ്പനിയുള്ളതായി വിവരമുണ്ട്. ചത്ത താറാവുകളുടെ സാമ്പിളുകള്‍ പാലോട്ടുള്ള ലാബിലേക്ക് അയച്ചു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, വേളൂക്കര, മാള, വേലൂര്‍ എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുവീണെങ്കിലും പക്ഷിപ്പനിയല്ല മരണകാരണമെന്ന് അധികൃതര്‍ പറയുന്നു. ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ മൂന്നംഗ വിദഗ്ധസംഘം കുട്ടനാട്ടിലെ വിവിധ മേഖലകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കുട്ടനാട്ടെ പക്ഷിപ്പനിബാധിത മേഖലകള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എന്നിവര്‍ ബുധനാഴ്ച സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead