നാണമില്ലാത്തവരെ പുതുപ്പള്ളി വിളിക്കുന്നു

Story Dated :December 15, 2014

നാണം അതൊരു വികാരമാണ്.അതുണ്ടാകണമെങ്കില്‍ നല്ല മാതാപിതാക്കള്‍ക്ക് ജനിക്കണം. ഇരുപത്തെട്ടിനു ഉപ്പും പുളിയും തേക്കണം. പരമ്പരാഗതമായി ജീനുകള്‍ വഴി പകര്‍ന്നു കിട്ടുന്ന സംസ്കാരം ലഭിക്കണം. ചുരുക്കിപറഞ്ഞാല്‍ നാണം അതുണ്ടാകണമെങ്കില്‍ സംസ്കാരം ഉണ്ടാകണം.

മൂക്കറ്റം ചെളിയില്‍ മുങ്ങിയാലും ദുര്‍ഗന്ധം അനുഭവപെടാത്തവര്‍, ആന കുത്തിയാലും തൊലിയില്‍ പോറല്‍ എല്‍ക്കാത്തവന്‍, കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളവന്‍. ആദ്യം പറഞ്ഞ സംസ്കാരം ഇല്ലാത്തവരെയാണ് ചെളിയെ സുഗന്ധമായി കണക്കാക്കുന്നവനോടും കണ്ടാമൃഗത്തോടും എല്ലാം ഉപമിക്കുന്നത്.

ഒരു നാടന്‍ ചൊല്ലുണ്ട്. നാണമില്ലാത്തവന്റെെ ആസനത്തില്‍ ആല് മുളച്ചാല്‍ അതും തണലായി കാണുന്നവന്‍ എന്ന്. എന്തുപറഞ്ഞാലും നാണമില്ലാത്തവരെക്കുറിച്ച് ഇങ്ങനെയാകും പറയുക.നാണത്തെക്കുറിച്ച് ഇങ്ങനെയൊരു ചിന്ത വരുവാന്‍ കാരണമുണ്ടായത് കേരള മുഖ്യന്‍ ഉമ്മന്‍ ചാണ്ടി അവര്‍കളെകുറിച്ച് ഓര്‍ത്ത്‌ പോയതിനാലാണ്. ടീയാന്‍ ലോകമുള്ളിടത്തോളം അറിയപ്പെടും നാണമില്ലാത്തവരുടെ നേതാവായി. കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ളയാളായി.

കഴിഞ്ഞ നാലഞ്ചുവര്‍ഷമായി കേരളക്കരയിലാകെ നാണമില്ലാത്തവരുടെ ആറാട്ടാണ്. ആര്‍ക്കും എവിടെയും എന്തുമാകാം.ഖദര്‍ ഇട്ടാല്‍ മതി.കൌപീനമായെങ്കിലും ഖദര്‍ ഉണ്ടെങ്കില്‍ ആര്‍ക്കും എങ്ങനെയുമാകാം. ഭാര്യയെ തല്ലിയ മന്ത്രി. മന്ത്രിസഭയില്‍ വരെ വ്യഭിചാരികള്‍ മേഞ്ഞു. മേനിക്കൊഴുപ്പും കാണാന്‍ ചന്തവും ഉള്ള പെണ്ണൊരുത്തി കണ്ണിറുക്കി കാണിച്ചപ്പോള്‍ മുഖ്യന്‍റെ അന്തപ്പുരത്തിലെ രഹസ്സ്യങ്ങളെല്ലാം പാട്ടായി.പിന്നെ രംഭയായും തിലോത്തമയായും അവളുടെ സാരിത്തുമ്പിലിട്ട് ഇന്ദ്രസദസ്സിനെ അമ്മാനമാടി. ചാണ്ടീന്ദ്രന്‍ ഭ്രമിച്ചു പരവശനായി ഭക്തിപൂര്‍വ്വം അവളുമാരുടെ പാദാരവിന്ദങ്ങളില്‍ നയനങ്ങള്‍ പൂഴ്ത്തി നിദ്രാവിഹീനനായ് കുഴഞ്ഞു കുളിര്‍ത്തു.

രംഭതിലോത്തമ മേനകമാരുടെ കരലാളനകളില്‍ മയങ്ങിയ പഴയ ഇന്ദ്രസചിവന്മാര്‍ ആദ്യം മധുവും പിന്നെ മദിരാക്ഷിയും എന്ന ക്രമത്തിലായിരുന്നു ആഘോഷങ്ങളെങ്കില്‍ ജനകീയ മുഖ്യനും സചിവന്മാരും ആദ്യം മദിരാക്ഷി പിന്നെ മദ്യം എന്ന പുതിയ മദിരാക്ഷിമധുപാന ലയവിന്ന്യാസ രാസലീലകളിലാണ് ആത്മസംതൃപ്തി കണ്ടെത്തിയത്./p>

പണ്ട് നാണവും മാനവും ആര്‍ക്കും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ രംഭക്കും തിലോത്തമക്കുമെല്ലാം എവിടെയും സ്വൈര വിഹാരം ചെയ്യാം. രാജാവിന്റൊയും മന്ത്രിമാരുടെയും അന്തപ്പുരങ്ങളിലും ഇന്ദ്രസദസ്സിലുമെല്ലാം അവര്‍ക്ക് മാന്യതയുണ്ടായിരുന്നു . അവരുടെ കൈകളാല്‍ വിളമ്പുന്ന മധുരസത്തിനു ആരും മദ്യമെന്നു വിളിച്ചില്ല.

ഒരീസം രാത്രിയില്‍ ഉമ്മടെ മുഖ്യന്‍ ഇവ്വിധം സ്വപ്നം കണ്ടതോടെയാണ് കാര്യങ്ങള്‍ ഇങ്ങനെയെല്ലാം കലാശിച്ചത്. ആര്‍ക്കും ഖജനാവ് കയ്യിട്ടുവാരാം.ഖജനാവിലൊന്നുമില്ലെങ്കില്‍ കല്‍പ്പിക്കാം. "ആരവിടെ ബിജു രമേശ്‌ വരട്ടെ.നമ്മുടെ മടിശീല നിറക്കട്ടെ".

അന്തപ്പുരത്തിലെ തമ്പുരാട്ടിമാര്‍ വയറൊഴിയുകയോ വയ്യാതാകുകയോ ചെയ്‌താല്‍ ഉടന്‍ കല്‍പ്പിക്കാം."സരയൂ നദിപോലെരു സൂര്യ തേജസ്സുണ്ടല്ലോ. അവള്‍ വരട്ടെ. അവളുടെ കടക്കണ്ണിലെ കണ്കെട്ടുകണ്ടാല്‍ ഇശ്ശി സമാധാനമല്ല ഒരു ജന്മത്തിന്റെ പുണ്ണ്യം.ആ സൂര്യകാന്തി ചൂടില്‍ ഒന്ന് മയങ്ങട്ടെ"

മുഖ്യന്‍ കണ്ട സ്വപ്നങ്ങളൊക്കെയും ഉത്തമ സച്ചിവര്‍ക്ക് പകുത്തു നല്‍കിയതോടെ അവരും പുകഞ്ഞു. ഉള്‍പുളകത്താല്‍ കുളിരണിഞ്ഞു.പിന്നെ കയ്യോടുകയ്യ്‌ മെയോടുമെയ്യ്‌ എല്ലാം വളരെപെട്ടന്നായിരുന്നു.പത്തായത്തില്‍ നെല്ലുണ്ടെങ്കില്‍ എലി ആകാശത്ത് നിന്നും വരും എന്നാ പ്രമാണം പോലെ എല്ലാം കാലിയാക്കി.മദ്യവും മദിരാക്ഷിയും ഒഴുകി.എങ്ങും ഉന്മാദം മാത്രം.

രാത്രി ഇരുട്ടി വെളുത്തപ്പോള്‍ തുണിയും പോയി ബോധവും ഇല്ല എന്ന മട്ടില്‍ ദേവദാസിപ്പുരകളിലെ അടുക്കള തിണ്ണയില്‍ ദാണ്ടേ കിടക്കുന്നു മുഖ്യനും കൂട്ടരും.

മാലോകര്‍ എല്ലാം കണ്ടു.കൂകി വിളിച്ചു.കുറ്റവും കുറവും ഉറക്കെ വിളിച്ചുപറഞ്ഞു.കേട്ടവരൊക്കെയും കാറിതുപ്പി.

മുഖ്യനുണ്ടോ നാണം ടീയാനപ്പോഴും സ്വപ്നത്തിന്റെ ഹാങ്ങ് ഓവറില്‍ ആയിരുന്നു.അപ്പോഴൊരു വിദ്വാന്‍ പറയുകയാണ്‌ ഇവര്‍ക്കൊന്നും നാണവും മാനവും ഇല്ല. നാണം ഉണ്ടാകണമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഉണ്ടാകണം എന്ന്.എന്തൊരു പുകില്. ഇത്രയും സത്യം സത്യമായി പറഞ്ഞതിന് ഈയുള്ളവനെ കഴുവേറ്റുമോ ആവോ?

എസ്കെ

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead