കേരളത്തിന്റെ നിസ്സംഗത മുതലെടുത്ത് തമിഴ്നാടിന്റെ പ്രകോപനം

Story Dated :November 22, 2014

ഇടുക്കി/കുമളി: കേരളത്തിന്റെ അതിരുകടന്ന ആശങ്കകള്‍ക്ക് അറുതില്ലാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ കൂടുതല്‍ പ്രകോപനം ഉണ്ടാക്കാനാണ് തമിഴ്നാട്ശ്രമം. കേരളത്തിന്റെ കാര്യക്ഷമതക്കുറവും ദൗര്‍ബല്യവും മുതലെടുത്താണ് നിലപാട് കൈക്കൊള്ളുന്നത്. വൈഗ അണക്കെട്ടില്‍ ആവശ്യത്തിന് വെള്ളം സംഭരിക്കാമെന്നിരിക്കെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുകയും അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചും പ്രകോപനം ഉണ്ടാക്കുന്നു. അതിര്‍ത്തിയിലേക്ക് മാര്‍ച്ചും സമരവും തുടര്‍ക്കഥയാവുന്നു. എല്ലാവര്‍ഷവും ശബരിമല സീസണ്‍ കാലത്താണ് സംഘര്‍ഷം പതിവാകുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം തന്നെയാണ് സംഘര്‍ഷത്തിന് പ്രധാന കാരണം. കുമളിയില്‍ ശബരിമല സീസണ്‍ കാലത്താണ് ഏറ്റവും കൂടുതല്‍ വ്യാപാരം നടക്കുന്നത്. മണ്ഡല- മകരവിളക്ക് കാലത്ത് നൂറു കണക്കിന് കോടിയുടെ വ്യാപാരം നടക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി പലവിധ കാരണങ്ങളാല്‍ സീസണ്‍ വ്യാപാരം പൊളിയുകയാണ്. പ്രധാനമായും മുല്ലപ്പെരിയാര്‍ പ്രശ്നം തന്നെയാണ്.ഇത്തവണ ശബരിമല സീസണ്‍ ആരംഭിച്ചത് 17നായിരുന്നു. എന്നാല്‍ ഇ എസ് ബിജിമോള്‍ എംഎല്‍എ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വച്ച് തമിഴ്നാട് ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്ന പേരിലായിരുന്നു വാഹനങ്ങള്‍ തടയലും അക്രമവും നടന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നം ഉയര്‍ത്തി തമിഴ്നാട്ടില്‍ കലാപം സംഘടിപ്പിക്കാനുള്ള വൈക്കോയുടെയും സംഘത്തിന്റെയും ശ്രമത്തെ തുടര്‍ന്ന് ബുധനാഴ്ച കമ്പത്ത് നിന്നും കുമളി വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാവിലെ 10 മുതല്‍ പകല്‍ ഒന്നു വരെ കുമളിയില്‍ നിന്നും കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ കടത്തി വിട്ടില്ല. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കാളവണ്ടി പോലും തമിഴ്നാട്ടിലേക്ക് രാവിലെ കടത്തിവിട്ടില്ല. ഈ അവസരം മുതലാക്കി ലോവര്‍ക്യാമ്പ്, ഗൂഡല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ഓട്ടോ റിക്ഷകള്‍ യാത്രക്കാരെ പിഴിയുകയായിരുന്നു. ഓട്ടോകളില്‍ ആളുകളെ കുത്തിനിറച്ചാണ് സര്‍വീസ് നടത്തിയത്. എന്നാല്‍ പകല്‍ 11.30 ഓടെ ഓട്ടോറിക്ഷകളും പൊലീസ് തടഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് കസ്തൂരിരംഗന്‍ പ്രശ്നത്തിന്റെ പേരില്‍ ജില്ലയില്‍ സമരം നടന്നപ്പോള്‍ തീര്‍ഥാടകരെ തടയുകയെന്ന പേരില്‍ തമിഴ്നാട്ടില്‍ കമ്പം, കൂടല്ലൂര്‍ എന്നിവിടങ്ങളില്‍ പൊലീസ് വഴി തടഞ്ഞു.2011ല്‍ ശബരിമല സീസണ്‍ കാലത്ത് മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തന്നെയുണ്ടായ കലാപം ആഴ്ചകള്‍ നീണ്ടുനിന്നു. തീര്‍ഥാടക വാഹനങ്ങള്‍ക്കെതിരെ കുമളിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണമായിരുന്നു കലാപത്തിന് തിരികൊളുത്തിയത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന തേക്കടി ഷട്ടര്‍ പിടിച്ചെടുക്കല്‍ സമരവും പ്രശ്നം സങ്കീര്‍ണമാക്കി.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാടിന് തുടര്‍ന്നും വെള്ളം കൊടുക്കണമെന്നാണ് കേരളത്തിന്റെ പൊതുനിലപാട്. എന്നാല്‍ കാലപ്പഴക്കത്താല്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്ന അണക്കെട്ടിന് പകരം പുതിയ അണക്കെട്ടും കരാറുമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് അംഗീകരിക്കുന്നില്ല. തമിഴ്നാട്ടിലെ പ്രാദേശിക കക്ഷികളെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാര്‍ പ്രശ്നം പരസ്പരം ഗോളടിക്കാനുള്ള രാഷ്ട്രീയ പ്രശ്നം കൂടിയാണ്. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നതോടെ മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി ഏല്‍ക്കുകയും ചെയ്തു. സര്‍ക്കാരിന്റെ പിടിപ്പ്കേടാണ് ഈ സ്ഥിതി സൃഷ്ടിച്ചത്. ഈ അവസരം മുതലാക്കിയാണ് തമിഴ്നാട് കേരളത്തിനെതിരെ ആഞ്ഞടിക്കുന്നതും.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead
Other Stories