കറിക്ക് അരിയാൻ സമയം തീരെയില്ലേ?വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രോമോഷൻ കൗൺസിൽ അരിഞ്ഞു വീട്ടിലെത്തിക്കും

Story Dated :December 30, 2014

1419879294veg

ഇടുക്കി: തിരക്കുപിടിച്ച ജീവിതത്തിനിടയിൽ പച്ചക്കറി വാങ്ങാനും അരിയാനും കഴുകാനും സമയം കിട്ടുന്നില്ലെന്ന പരാതി ഇനി വേണ്ട. സാമ്പാർ, അവിയൽ, കുറുമ.. കറി ഏതുമാകട്ടെ. ഫോണിൽ ഒന്ന് വിളിച്ച് പറഞ്ഞാൽ മതി. ആവശ്യമായ പച്ചക്കറിക്കൂട്ടുകൾ അരി‌ഞ്ഞ് കവറിലാക്കി എത്തിക്കും.

സർക്കാർ സംരംഭമായ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്‌സ് പ്രോമോഷൻ കൗൺസിൽ കേരളയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ അരക്കോടി രൂപയുടെ പദ്ധതിയാണ് പൂർത്തിയാകുന്നത്. ജനുവരിയോടെ മുഴുവൻ ജില്ലകളിലും പദ്ധതി വിപുലപ്പെടുത്താനാണ് തീരുമാനം.

കർഷകരിൽനിന്ന് ആവശ്യാനുസരണം പച്ചക്കറി വി.എഫ്.പി.സി.കെ യുടെ കേന്ദ്രത്തിലെത്തിച്ച് അരിഞ്ഞ് പായ്ക്കറ്റുകളാക്കി ഓർഡർ നൽകുന്നവർക്ക് എത്തിച്ച് നൽകുന്നതാണ് പദ്ധതി. സർക്കാർ ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സുകൾ, റസിഡന്റ്സ് അസോസിയേഷനുകൾ തുടങ്ങി ഏതൊരാൾക്കും പച്ചക്കറി ലഭിക്കും. അത്യാധുനിക യന്ത്രസഹായത്തോടെയാണ് പച്ചക്കറികൾ അരി‌ഞ്ഞെടുക്കുക.

പച്ചക്കറി വരുന്ന വഴി പച്ചക്കറിക്കുള്ള ഓർഡർ ഒരു ദിവസം മുമ്പേ വി.എഫ്.പി.സിയുടെ ഫോണിൽ അറിയിക്കണം. നാടൻ പച്ചക്കറി കർഷകരിൽനിന്ന് സംഭരിക്കും. രാവിലെ സംഭരിച്ചവ അരമണിക്കൂർ നേരം കീടനാശിനിമുക്തമാക്കാൻ ഓർഗാനിക്ക് സൊലൂഷനിൽ ഇട്ടുവയ്ക്കും. പിന്നീട് അരിഞ്ഞ് കവറുകളിലാക്കി ഉച്ചയ്ക്കുശേഷം ആവശ്യക്കാർക്ക് എത്തിക്കും. സാമ്പാർ, അവിയൽ, കുറുമ തുടങ്ങി ചാറ് കറികൾക്കുള്ള ഒരു പായ്ക്കറ്റിന് 400 ഗ്രാമാണ് തൂക്കം. തോരൻ (ഉപ്പേരി) കറികൾക്കുള്ള പായ്ക്കറ്റിന് 300 ഗ്രാം തൂക്കം. കറി ഏതായാലും 25 രൂപയാണ് ഒരു പായ്ക്കറ്റിന്റെ വില. 100 തരം കറികൂട്ടുകൾക്കുള്ള പച്ചക്കറികൾ അരി‌ഞ്ഞ് നൽകുകയാണ് ലക്ഷ്യം.

സുരക്ഷിതമായി കഴിക്കാം വിഷവിമുക്തമായ നാടൻ പച്ചക്കറികൾ അരിഞ്ഞ് പായ്ക്ക് ചെയ്ത് സുരക്ഷിതമായി കഴിക്കാവുന്ന വിധത്തിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വി.എഫ്.പി.സി.കെ തിരുവനന്തപുരം ജില്ലാ മാനേജർ അനിൽകുമാർ 'കേരളകൗമുദി" യോട് പറഞ്ഞു. ഇപ്പോൾ 800 മുതൽ 1000 വരെ പായ്ക്കറ്റുകളാണ് പ്രതിദിനം വിപണനം ചെയ്യുന്നത്. പദ്ധതിക്ക് വൻ പ്രിയമാണ് ലഭിക്കുന്നത്. അടുത്ത മാസം ഉദ്ഘാടനത്തോടെ 5,000 മുതൽ 10,000 പായ്ക്കറ്റുകൾ വിതരണം ചെയ്യാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead