ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്ക് ഒറ്റക്ലിക്ക് വിദ്യയുമായി ഗൂഗിള്‍

Story Dated :December 20, 2014

download

ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്ക് ഗൂഗിള്‍ എങ്ങിനെയായിരിക്കും കാലെടുത്തുവെക്കുക? നെറ്റിലെ ഇക്കണ്ട വിപ്ലവങ്ങലെല്ലാം തീര്‍ത്ത ഗൂഗിളിന് ഈ വഴി വരാതിരിക്കാനാകില്ലെന്ന് അറിയാവുന്നവരൊക്കെ ചോദിച്ച ചോദ്യമാണിത്. ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരവുമായി വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. സ്വന്തമായി ഷോപ്പിങ് വെബ്‌സൈറ്റ് തുടങ്ങുകയാവുമെന്ന, എല്ലാവരും പ്രതീക്ഷിച്ച ഉത്തരമല്ല അത്.

സെര്‍ച്ച് പേജില്‍ ഒറ്റക്ലിക്കിന് സാധനങ്ങള്‍ വാങ്ങാനുള്ള ഓപ്ഷനുമായാണ് ഗൂഗിളെത്തുന്നതെന്നാണ് വാര്‍ത്ത. ഗൂഗിള്‍ സെര്‍ച്ചിന് ഇടയിലോ, അല്ലെങ്കില്‍ നിലവിലുള്ള ഷോപ്പിങ് സെര്‍ച്ച് പേജില്‍ തന്നെയോ വണ്‍ക്ലിക്ക് ബട്ടനുമായാകും ഗൂഗിളെത്തുക. ഗൂഗിള്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുന്നുവെന്നല്ലാതെ റിപ്പോര്‍ട്ടുകളൊന്നും അവര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആമസോണ്‍ ഈയിടെ പരീക്ഷിച്ച് വിജയിച്ച വണ്‍ ക്ലിക്ക് പദ്ധതിക്ക് സമാനമായ സംവിധാനമായിരിക്കും ഇത്. ആമസോണില്‍ സെറ്റിങ്‌സില്‍ ചെന്ന് വണ്‍ക്ലിക്ക് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സെര്‍ച്ചിനിടെ 'ബൈ നൗ' ബട്ടണ്‍ ഒറ്റത്തവണ ക്ലിക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങാം. അതിന് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം, അഡ്രസ് എന്നിവയെല്ലാം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നെ ഒറ്റക്ലിക്കിന് കച്ചവടം സക്‌സസ്.

ഇതേ സംവിധാനം ഗൂഗിള്‍ നടപ്പാക്കുമ്പോള്‍ ആമസോണിലേതുപോലെ പെയ്‌മെന്റ്, അഡ്രസ് രജിസ്‌ട്രേഷനുകളും ഇവിടെ വേണ്ടിവരും. നമ്മുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതോടെ ഗൂഗിളിനുള്ളില്‍ നിന്നുകൊണ്ടു തന്നെ മറ്റ് ഓണ്‍ലൈന്‍ കച്ചവട സൈറ്റുകളുടെ സാധനങ്ങള്‍ ബോധ്യപ്പെട്ടാല്‍ അവിടെ ചെല്ലാതെ തന്നെ അവ വാങ്ങിക്കാം. എന്നാല്‍ കച്ചവടകാര്യത്തില്‍ ഉത്തരവാദിത്തം ഗൂഗിളിനായിരിക്കില്ല, കച്ചവട വെബ്‌സൈറ്റുകള്‍ക്കായിരിക്കും.

ആമസോണ്‍ മാത്രമല്ല, ട്വിറ്ററും ഈ പരീക്ഷണം നടപ്പാക്കി വിജയം കണ്ടു കഴിഞ്ഞു. ട്വിറ്റര്‍ സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ബൈ നൗ ബട്ടണ്‍ വഴിയാണ് ഇവിടെ ഒറ്റക്ലിക്കിന് സാധനങ്ങള്‍ വാങ്ങുന്ന വിദ്യ നടപ്പാക്കിയത്. കഴിഞ്ഞ ജൂണില്‍ ഫെയ്‌സ്ബുക്കും ഈ രംഗത്തേക്കിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്തായാലും ഔദ്യോഗിക അറിയിപ്പുമായി ഗൂഗിളിന്റെ വരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ഒറ്റ ഗൂഗിള്‍ അക്കൗണ്ടുകൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കുന്ന ഗൂഗിളില്‍ നിന്ന് ഷോപ്പിങും ഉടന്‍ പ്രതീക്ഷിക്കാം.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead