ഐ.എസ്‌.എല്‍. ആദ്യ പാദ സെമിയില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനു ജയം

Story Dated :December 14, 2014

Indian-Super-League-Sachin-Tendulkars-Kerala-Blasters-Unveil-Logo

ഇങ്ങനെയാണ് കളിക്കേണ്ടതെന്നു കാണികളെക്കൊണ്ടുപറയിച്ച്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ ആദ്യ പാദ സെമിയില്‍ ചാമ്പ്യന്‍ ടീമായ ചെന്നൈയിന്‍ എഫ്‌.സിയെ തറപറ്റിച്ചു. എല്ലാ നിലയിലും ചെന്നൈയെ നിലംപരിശാക്കിയായിരുന്നു കേരളത്തിന്റെ ജയം. ഹോം ഗ്രൗണ്ടില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ സെമിഫൈനല്‍ മല്‍സരം നടക്കില്ലെന്ന ആശങ്കകള്‍ക്കൊടുവിലാണ്‌ ഇന്നലെ മല്‍സരം നടന്നത്‌. നിര്‍ണായക മല്‍സരത്തില്‍ ചെന്നൈയിനെതിരേ 3-0 എന്ന മാര്‍ജിനിലാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ ജയം. രണ്ട്‌ മിനിറ്റിനിടെ നേടിയ രണ്ട്‌ ഗോളുകള്‍ ഉള്‍പ്പെടെ മൂന്നു ഗോളുകള്‍ക്ക്‌ ചെന്നൈയിന്‍ എഫ്‌.സിയെ കെട്ടുകെട്ടിച്ചാണ്‌ ബ്ലാസ്‌റ്റേഴ്‌സ് ഫൈനല്‍ പ്രതീക്ഷ സജീവമാക്കിയത്‌. ചെന്നൈയില്‍ 16ന്‌ നടക്കുന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല്‌ ഗോളുകള്‍ക്ക്‌ ചെന്നൈയിന്‍ എഫ്‌.സി വിജയിച്ചാലേ അവര്‍ക്ക്‌ കലാശപ്പോരാട്ടം സ്വപ്‌നം കാണാന്‍ കഴിയൂ. ബ്ലാസ്‌റ്റേഴ്‌സിന്‌ വേണ്ടി ഇഷ്‌ഫഖ്‌ അഹമ്മദും ഇയാന്‍ ഹ്യൂമും പകരക്കാരനായി ഇറങ്ങി ഇഞ്ചുറി സമയത്ത്‌ സുശാന്ത്‌ മാത്യുവും ഗോളുകള്‍ നേടി. പ്രാഥമിക റൗണ്ടില്‍ ചെന്നൈയിന്‍ എഫ്‌.സിയോടേറ്റ രണ്ടു പരാജയങ്ങള്‍ക്കുമായുള്ള ഗംഭീരമായ പകരം വീട്ടലുകൂടിയായിരുന്നു ഇന്നലത്തെ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. ഔദ്യോഗിക കണക്കുപ്രകാരം 60,990 പേരായിരുന്നു കളികാണാനെത്തിയെന്നാണ്‌ കണക്ക്‌. എന്നാല്‍ 70,000 പേര്‍ കളി വീക്ഷിക്കാനെത്തിയെന്നാണ്‌ അനൗദ്യോഗിക കണക്ക്‌. നായകന്‍ ഡേവിഡ്‌ ജെയിംസിനു പുറമേ പ്രതിരോധ കോട്ടയുടെ അമരക്കാരായ സെഡ്രിക്‌ ഹെംഗ്‌ബെര്‍ത്തും സന്ദേശ്‌ ജിംഗാനും ഇന്നലെ നിര്‍ണായക മത്സരത്തിനിറങ്ങിയില്ല. ഇയാന്‍ ഹ്യൂമിനൊപ്പം ഇംഗ്ലീഷ്‌ സ്‌ട്രൈക്കര്‍ മൈക്കിള്‍ ചോപ്രക്കായിരുന്നു ഗോളടിക്കാനുള്ള ചുമതല. ബ്രസീല്‍ ഗോളടിയന്ത്രം എലാനോയും മെന്‍ഡിയും ചെന്നൈയിന്‍ നിരയില്‍ തിരികെയെത്തിയപ്പോള്‍ ബ്രൂണോ പെലിസാറി സൈഡ്‌ ബെഞ്ചിലിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ച നടന്ന മല്‍സരത്തിനിടെ ബന്ധുക്കളെ ഗാലറിയില്‍ കയറ്റാത്തതിനെ തുടര്‍ന്ന്‌ പ്രമുഖ പോലീസ്‌ മേധാവികള്‍ ഐ.എസ്‌.എല്‍ ജീവനക്കാരെ മര്‍ദിച്ചതിനെ തുടര്‍ന്ന്‌ ആദ്യ സെമി മുംബൈയിലേക്ക്‌ പറിച്ചു നടുമെന്നുള്ള ആശങ്കയിലായിരുന്നു ഐ.എസ്‌.എല്‍ അധികൃതര്‍. പ്രമുഖ വനിത ഐ.പിഎസ്‌ ഉദ്യോഗസ്‌ഥയും ഐ.ജിയുമാണ്‌ ഐ.എസ്‌.എല്‍ ജീവനക്കാരെ മര്‍ദിച്ചത്‌. മല്‍സരംഹോം ഗ്രൗണ്ടില്‍ നടക്കില്ലെന്ന വേവലാതിയിലായിരുന്നു കേരളാ ബ്ലാസ്‌റ്റേഴ്‌സ്. പോലീസുകാര്‍ തന്നെ എതിരാളികളായതിനെ തുടര്‍ന്ന്‌ സെമിഫൈനല്‍ കൊച്ചിയില്‍ നടക്കുമോ എന്ന ആശങ്കയിലായിരുന്നു ഐ.എസ്‌.എല്‍ ഭാരവാഹികള്‍. വിവാദ എസ്‌.പിയെ ശബരിമലയിലേക്കു താല്‍ക്കാലിക സ്‌ഥലം മാറ്റം നല്‍കിയിരുന്നു. വിവാദം വരുതിയിലാക്കിയ ഐ.എസ്‌.എല്‍ ഭാരവാഹികള്‍ കളി കൊച്ചിയില്‍ തന്നെ നടത്തുകയായിരുന്നു. കളിയുടെ തുടക്കം മുതല്‍ മെക്‌സിക്കന്‍ തിരമാലകണക്കെ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റമാണ്‌ കണ്ടത്‌. ഏഴാം മിനിറ്റില്‍ ഹ്യൂം തുടങ്ങിവച്ച നീക്കത്തിനൊടുവില്‍ പന്ത്‌ പിയേഴ്‌സണ്‌ കിട്ടി. എന്നാല്‍ പിയേഴ്‌സണ്‍ നല്‍കിയ ക്രോസ്‌ ഇഷ്‌ഫഖ്‌ അഹമ്മദ്‌ കിട്ടുംമുന്നേ ധനചന്ദ്രസിംഗ്‌ കോര്‍ണറിന്‌ വഴങ്ങി രിക്ഷപ്പെടുത്തി. മക്ക്‌അലിസ്‌റ്റര്‍ എടുത്ത കോര്‍ണറിന്‌ പ്രതിരോധനിരയിലെ കരുത്തന്‍ നിര്‍മ്മല്‍ ഛേത്രി തലവെച്ചെങ്കിലും പന്ത്‌ നേരെ ഗോളിയുടെ കൈയ്യില്‍ വിശ്രമിച്ചു. തൊട്ടുപിന്നാലെ മറ്റൊരു അവസരം ലഭിച്ചെങ്കിലൂം ലക്ഷ്യം കാണാന്‍ ബ്ലാസ്‌റ്റേഴ്‌സിന്‌ കഴിഞ്ഞില്ല. പിയേഴ്‌സണ്‍ നല്‍കിയ പാസ്‌ ഓഫ്‌ സൈഡ്‌ ട്രാപ്പ്‌ മറികടന്നശേഷം മൈക്കല്‍ ചോപ്ര സ്വീകരിച്ച്‌ നല്‍കിയ പാസ്‌ വിക്‌ടര്‍ ഹെരേരോ ഷോട്ട്‌ ഉതിര്‍ത്തെങ്കിലും പന്ത്‌ പുറത്തേക്ക്‌ പറന്നു. 11-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സിക്ക്‌ തുറന്ന അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. മെന്‍ഡിയുടെ പാസില്‍ നിന്ന്‌ ജെജെ ലാല്‍പെകുല ഉതിര്‍ത്ത ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ്‌ നന്ദി വീണുകീടന്ന്‌ കൈയിലൊതുക്കി. എന്നാല്‍ സെന്‍ട്രല്‍ ഡിഫന്‍ഡറായി കളിച്ച മെന്‍ഡി ഓടിക്കറയുമ്പോഴൊക്കെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം സമ്മര്‍ദത്തിലായി. 15-ാം മിനിറ്റില്‍ ഹ്യൂമിന്റെ മുന്നേറ്റത്തിനൊടുവില്‍ പന്ത്‌ ലഭിച്ച ശേഷം പിയേഴ്‌സണ്‍ ഷോട്ട്‌ ഉതിര്‍ത്തെങ്കിലും ലക്ഷ്യം പാളി. തൊട്ടുപിന്നാലെ ചെന്നൈയുടെ ബെല്‍വന്ദ്‌ സിംഗിന്റെ ക്രോസിന്‌ ജെജെ തലവെച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ്‌ നന്ദി പന്ത്‌ കൈപ്പിടിയിലൊതുക്കി. അധികം കഴിയും മുന്നേ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കീറിമുറിച്ച്‌ ബല്‍വന്ത്‌ നല്‍കിയ പന്ത്‌ കണക്‌ട് ചെയ്യാന്‍ ചെന്നൈയിന്‍ എഫ്‌.സിയുടെ സൂപ്പര്‍താരമായ എലാനോക്ക്‌ കണക്‌ട് കഴിഞ്ഞില്ല. 26-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈയിന്‍ വല കുലുക്കിയെങ്കിലൂം റഫറി ഓഫ്‌ സൈഡ്‌ വിധിച്ചു. തൊട്ടുപിന്നാലെ ബ്ലാസ്‌റ്റേഴ്‌സ് രണ്ട്‌ തവണ ചെന്നൈയിന്‍ വല കുലുക്കി. ആദ്യം ഇഷ്‌ഫഖ്‌ അഹമ്മദും തൊട്ടുപിന്നാലെ ഇയാന്‍ ഹ്യൂമും. വിക്‌ടര്‍ ഹെരേര നല്‍കിയ പാസില്‍ നിന്ന്‌ തകര്‍പ്പന്‍ ഷോട്ടിലൂടെ ഇഷ്‌ഫഖ്‌ അഹമ്മദാണ്‌ ചെന്നൈയിന്‍ എഫ്‌.സിയുടെ ഗോളി ഗന്നാരോ ബ്രഗ്ലിയാനോയെ കീഴടക്കി വല കുലുക്കിയത്‌. തൊട്ടുപിന്നാലെ പിയേഴ്‌സന്റെ പാസ്‌ സ്വീകരിച്ച്‌ ഇഷ്‌ഫഖ്‌ മറിച്ചു നല്‍കിയ പാസില്‍ നിന്ന്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍താരം ഇയാന്‍ ഹ്യൂം ചെന്നൈയിന്‍ വല കുലുക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സ് 2-0ന്‌ മുന്നിലെത്തി. ചെന്നൈയിന്‍ പ്രതിരോധത്തെ മുഴുവന്‍ സ്‌തബ്‌ധരാക്കിയായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ രണ്ട്‌ ഗോളുകളും. പിന്നീട്‌ 38-ാം മിനിറ്റില്‍ സ്വന്തം പകുതിയില്‍ നിന്ന്‌ പന്തുമായി മെന്‍ഡി ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സില്‍ കയറി നല്‍കിയ ക്രോസ്‌ ജെജെക്ക്‌ കണക്‌ട് ചെയ്യാന്‍ കഴിഞ്ഞില്ല. 42-ാം മിനിറ്റില്‍ പിയേഴ്‌സണും ഹ്യൂമും ചേര്‍ന്ന്‌ നടത്തിയ മുന്നേറ്റം കോര്‍ണറിന്‌ വഴങ്ങി ചെന്നൈയിന്‍ പ്രതിരോധം രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ എലാനോ ഒറ്റക്ക്‌ പന്തുമായി കുതിച്ചുകയറിയശേഷം പായിച്ച ഷോട്ട്‌ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സന്ദീപ്‌ നന്ദി കോര്‍ണറിന്‌ വഴങ്ങി രക്ഷപ്പെടുത്തി.രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെന്നൈയിന്‍ ഒരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 52-ാം മിനിറ്റില്‍ സൂപ്പര്‍താരം എലാനോയെ പിന്‍വലിച്ച്‌ ബ്രുണോ പെലിസാറിയെ ചെന്നൈയിന്‍ കളത്തിലിറക്കി. 57-ാം മിനിറ്റില്‍ പെലിസാറിയൂടെ ഫ്രീകിക്ക്‌ മെന്‍ഡി കണക്‌ട് ചെയ്‌തെങ്കിലും പന്ത്‌ പുറത്തേക്ക്‌ പറന്നു. 79-ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് വീണ്ടും ലീഡ്‌ നേടിയെന്ന്‌ ഉറപ്പിച്ചെങ്കിലും ചെന്നൈയിന്‍ ഗോളിയുടെ ഉജ്‌ജ്വല പ്രകടനം വിലങ്ങുതടിയായി. ബാരിസിച്ചിന്റെ പാസ്‌ ഹ്യൂമിന്‌. ഹ്യൂം വീണ്ടും തിരിച്ച്‌ ബാരിസിച്ചിന്‌. പന്ത്‌ കിട്ടിയ ബാരിസിച്ച്‌ പായി ഷോട്ട്‌ ചെന്നൈയിന്‍ എഫ്‌.സി ഗോളി ഉജ്‌ജ്വലമായി തടുത്തിട്ടു. റീബൗണ്ട്‌ പന്ത്‌ കിട്ടിയത്‌ ബാരിസിച്ചിന്‌. ബാരിസിച്ചിന്റെ ഷോട്ട്‌ ചെന്നൈയിന്‍ എഫ്‌.സിയുടെ നെസ്‌റ്റ തടുത്തിട്ടെങ്കിലും ഉയര്‍ന്നു വന്ന പന്ത്‌ ബാരിസിച്ച്‌ മറ്റൊരു ഹെഡ്‌ഡറിലൂടെ വലയിലേക്ക്‌ തിരിച്ചുവിട്ടു. എന്നാല്‍ ചെന്നൈയിന്‍ ഗോളി അത്യത്ഭുതകരമായ രീതിയില്‍ പറന്ന്‌ ഗോള്‍ ലൈന്‍ സേവിലൂടെ അപകടം ഒഴിവാക്കി. പിന്നീട്‌ ഇഞ്ചുറി സമയത്ത്‌ ചെന്നൈയിന്‍ എഫ്‌സിയുടെ നെഞ്ചകം പിളര്‍ന്ന മൂന്നാം ഗോളും പിറന്നു. ഇയാന്‍ ഹ്യൂം മൈതാനമധ്യത്തുനിന്ന്‌ തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ട്‌ കുതിച്ചശേഷം സുശാന്ത്‌ മാത്യു ബോക്‌സ് പുറത്ത്‌ ഇടതുമൂലയില്‍ നിന്ന്‌ പറത്തിയ തകര്‍പ്പന്‍ ഷോട്ട്‌ മഴവില്ലുകണക്കെ വളഞ്ഞുപുളഞ്ഞ്‌ വലയില്‍ പതിച്ചപ്പോള്‍ മുഴുനീളെ പറന്ന ചെന്നൈയിന്‍ ഗോളിക്ക്‌ യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead