ഉണ്ണിക്കൃഷ്ണന്റെ അവയവങ്ങള്‍ ഇനി ജീവന്‍ പകരും

Story Dated :December 5, 2014

fnlfff

കരുനാഗപ്പള്ളി: വാഹനാപകടത്തില്‍ മരിച്ച സിപിഐ എം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറി സി പി ഉണ്ണിക്കൃഷ്ണന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവര്‍ക്കു ജീവനേകും. മസ്തിഷ്കമരണം സംഭവിച്ച ഉണ്ണിക്കൃഷ്ണന്റെ കണ്ണുകളും ഹൃദയവും വൃക്കകളും കരളും ശ്വാസകോശവുമാണ് ദാനം ചെയ്തത്. ഇതുസംബന്ധിച്ച സമ്മതപത്രത്തില്‍ ഭാര്യ അന്‍സി ഒപ്പുവച്ചു. സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും പൂര്‍ണ സമ്മതത്തോടെയാണ് ബുധനാഴ്ച അവയവങ്ങള്‍ ദാനംചെയ്തത്. ദേശീയപാതയില്‍ വവ്വാക്കാവിനു സമീപം കഴിഞ്ഞ 29നു രാത്രി ഏഴിന് ഉണ്ണിക്കൃഷ്ണന്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗത്തിലെത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. റോഡുവക്കിലെ മൈല്‍കുറ്റിയിലേക്ക് തെറിച്ചുവീണ് തലയ്ക്കു ഗുരുതരമായി പരിക്കുപറ്റി. എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു ഇത്രയും നാള്‍. മരണസമയത്ത് ഭാര്യ അന്‍സി, സഹോദരങ്ങളായ സത്യന്‍, മുരളി, സഹോദരീഭര്‍ത്താവ് സുദര്‍ശനന്‍, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്അംഗം പി ആര്‍ വസന്തന്‍, കരുനാഗപ്പള്ളി ഏരിയസെക്രട്ടറി പി കെ ബാലചന്ദ്രന്‍, കമ്മിറ്റിഅംഗം ജി സുനില്‍, ഡിവൈഎഫ്ഐ ഏരിയസെക്രട്ടറി ബി ബ്രിജിത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സി പി ഉണ്ണിക്കൃഷ്ണന്റെ മരണത്തോടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ മാതൃകയായ കറകളഞ്ഞ കമ്യൂണിസ്റ്റുകാരനെയാണ് നഷ്ടമായത്. പത്തുവര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത്അംഗമായിരുന്നു. കര്‍ഷകസംഘത്തിന്റെ ഏരിയ വൈസ്പ്രസിഡന്റായിരുന്ന ഉണ്ണിക്കൃഷ്ണന്‍ പ്രദേശത്ത് കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പൂര്‍ണസമയം രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ഉണ്ണിക്കൃഷ്ണന്‍ വിവാഹം കഴിച്ചത് ഏറെ വൈകിയാണ്. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും പിന്നീട് സിപിഐ എം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായിരുന്ന മാതൃകാ അധ്യാപകനായ അച്ഛന്‍ പീതാംബരന്റെ പാത പിന്തുടര്‍ന്നാണ് ഉണ്ണിക്കൃഷ്ണന്‍ സജീവരാഷ്ട്രീയത്തില്‍ എത്തിയത്. ഡിവൈഎഫ്ഐ നേതാവ് എന്ന നിലയില്‍ പ്രദേശത്തെ യുവാക്കളെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്നു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഏറെനാള്‍ ട്യൂട്ടോറിയല്‍ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനെന്ന നിലയില്‍ പ്രദേശത്ത് നൂറുകണക്കിന് ശിഷ്യഗണങ്ങളാണ് ഉണ്ണിക്കൃഷ്ണനുള്ളത്. 2000 മുതല്‍ 2005 വരെ കുലശേഖരപുരം പഞ്ചായത്തിലെ നീലികുളം വാര്‍ഡ്അംഗമായിരുന്നു. ഈ കാലയളവില്‍ വാര്‍ഡില്‍ ഒട്ടനവധി വികസനപദ്ധതികള്‍ നടപ്പാക്കി. ഇതിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി മാറി. 2005 മുതല്‍ 2010വരെ കെഎസ് പുരം വാര്‍ഡിനെ പ്രതിനിധീകരിച്ചു. കുലശേഖരപുരത്ത് ഏറെ വികസനം വന്നത് ഇക്കാലയളവിലാണ്. കുലശേഖരപുരം സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി അംഗം, സിപിഐ എം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിപിഐ എം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. കുലശേഖരപുരം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അച്ഛന്‍ പീതാംബരന്‍ അധ്യാപകസംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അദ്ദേഹം 1987-90 കാലയളവില്‍ സിപിഐ എം കുലശേഖരപുരം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത്അംഗവുമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ മരണവാര്‍ത്ത പ്രദേശത്തെയാകെ ശോകമൂകമാക്കി. കുലശേഖരപുരം, കരുനാഗപ്പള്ളി, ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, തഴവ, തൊടിയൂര്‍ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളാണ് നീലികുളം ഗീതാഭവനിലേക്ക് എത്തിയത്. വള്ളിക്കാവില്‍ 29നു വൈകിട്ട് ചേര്‍ന്ന സിപിഐ എം കരുനാഗപ്പള്ളി ഏരിയസമ്മേളന സ്വാഗതസംഘം യോഗത്തില്‍ പങ്കെടുത്തശേഷം സിപിഐ എം പ്രവര്‍ത്തകന്‍ ഷാജിയുടെ മകളുടെ വിവാഹവീട്ടിലേക്കു പോകാനായി റോഡ് മുറിച്ചുകടക്കാന്‍ ബൈക്കില്‍ കാത്തുനില്‍ക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead