ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങരുത്: യു. എസ്

Story Dated :June 30, 2018

1

വാഷിംഗ്ടൺ: ഇന്ത്യയും ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ വർഷം നവംബർ നാലിനകം ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തണമെന്ന് അമേരിക്ക അന്ത്യശാസനം നൽകി. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങൾക്കും ബഹുരാഷ്‌ട്ര കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും ഈ കമ്പനികളെ അമേരിക്കയിൽ ബിസിനസ് നടത്താൻ അനുവദിക്കില്ലെന്നും യു. എസ് വിദേശ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എണ്ണ ഇടപാട് കുറച്ചുകൊണ്ടുവന്ന് നവംബർ നാലോടെ അത് പൂർണമായും നിറുത്തണമെന്നാണ് അമേരിക്കയുടെ നിർദ്ദേശം. ഇന്ത്യക്കും ചൈനയ്‌ക്കും മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കാര്യത്തിൽ ഇളവ് നൽകാനാകില്ലെന്നും വാണിജ്യ ഉപരോധം അവർക്കും ബാധകമാണെന്നുമാണ് അമേരിക്കൻ നിലപാട്. ഇറാന്റെ ആണവപദ്ധതിക്കെതിരെ ലോകരാജ്യങ്ങൾക്കിടയിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഇറാനുമായുള്ള ആണവകരാർ കഴിഞ്ഞ മേയിൽ അമേരിക്ക റദ്ദാക്കിയിരുന്നു. ഇറാനിയൻ കമ്പനികളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാൻ വിദേശകമ്പനികൾക്ക് അമേരിക്ക സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയനിൽ പെട്ട ഫ്രാൻസ്, ജർമ്മനി, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഊർജ്ജം, ബാങ്കിംഗ്, വ്യോമയാനം, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലുള്ള തങ്ങളുടെ കമ്പനികൾക്ക് ഇറാനുമായുള്ള വ്യാപാരബന്ധത്തിൽ ഇളവ് ആവശ്യപ്പെട്ടെങ്കിലും അമേരിക്ക അംഗീകരിച്ചിട്ടില്ല. ഇറാനെതിരെയുള്ള ഉപരോധം ലോകരാജ്യങ്ങളെല്ലാം അംഗീകരിച്ചപ്പോഴും ഇന്ത്യയും ചൈനയും റഷ്യയും ഇറാനുമായുള്ള വ്യാപാരബന്ധങ്ങൾ തുടരുകയായിരുന്നു. അതുകൊണ്ടാണ് ഇറാന്റെ സമ്പദ്‌വ്യവസ്ഥ പാപ്പരാകാതെ പിടിച്ചു നിന്നത്. ഇന്ത്യയും ചൈനയും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായതിനാൽ ഇത്തവണയും ഈ ഇളവുകൾ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.  ഇറാൻ എണ്ണയിൽ മൂന്നാമത് എണ്ണ ഉൽപ്പാദനത്തിൽ ലോകത്ത് മൂന്നാംസ്ഥാനമാണ് ഇറാനുള്ളത്. ഇറാക്കും സൗദി അറേബ്യയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. 2017 ഏപ്രിൽ മുതൽ 2018 ജനുവരി വരെ 10 മാസങ്ങളിൽ 18.4 ദശലക്ഷം ടൺ ക്രൂഡ് ഓയിലാണ് ഇറാൻ കയറ്റി അയച്ചത്. ഇന്ത്യയും ചൈനയുമാണ് ഇറാന്റെ ഏറ്റവും വലിയ എണ്ണ ഉഭോക്താക്കൾ. എണ്ണ വിഷയമാകും അടുത്തയാഴ്ച നടക്കുന്ന ഇന്ത്യ - അമേരിക്ക ചർച്ചയിൽ ഇറാനുമായുള്ള എണ്ണവ്യാപാരം വിഷയമായേക്കും. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ എന്നിവർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമായാണ് ചർച്ച നടത്തുക.  എണ്ണ പൊള്ളും അമേരിക്ക ഇറാനെതിരെയുള്ള നിലപാട് കടുപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കൂടി. ചൊവ്വാഴ്ച ക്രൂഡ് വില മൂന്നു ശതമാനം വർദ്ധിച്ചു.  ഇന്ത്യൻ ഇക്കണോമിയെ ബാധിക്കും ''ഇറാനുമായുള്ള എണ്ണവ്യാപാരം അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ നിർദേശം ഇന്ത്യ അംഗീകരിക്കാനുള്ള സാദ്ധ്യതകൾ വളരെ കുറവാണ്. അഥവാ, അംഗീകരിക്കുകയാണെങ്കിൽ, അത് ഇന്ത്യൻ സാമ്പത്തികവ്യവസ്ഥയെ വളരെ മോശമായി ബാധിക്കും. ക്രൂഡ് ഓയിലിന്റെ റെക്കാഡ് വിലവർധനവായ 80 ഡോളറെന്ന കണക്കിനെ അത് മറികടക്കും. മാത്രമല്ല, രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും.'' രാംകി, സി.ഇ.ഒ, ഷെയർ വെൽത്ത്

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

hotbrains